Alappuzha local

നടുക്കടലില്‍ തടിക്കഷണവുമായി നാലുദിവസം

ചേര്‍ത്തല: കഴിഞ്ഞ 24 ന് നാഗപട്ടണത്ത്‌നിന്നും രണ്ടു ബോട്ടുകളിലായി മല്‍സ്യ ബന്ധനത്തിനായി 19 അംഗ സംഘം കടലിലിലേക്ക് പോയപ്പോള്‍ ഓഖി ചുഴലിക്കൊടുങ്കാറ്റിനെപ്പറ്റിയുള്ള ഭീതിയില്ലായിരുന്നു.
അപ്രതീക്ഷിതമായി ചുഴലിക്കാറ്റില്‍പ്പെട്ട് ബോട്ടു തകര്‍ന്നു കിട്ടിയ തടിക്കഷ്ണത്തില്‍ പിടിച്ചു നടുക്കടലില്‍ കിടന്ന് രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെട്ട് ഒടുവില്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷമാണ് ചുഴലിക്കാറ്റിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ അറിയുന്നത്.
നാലു ദിവസം കടലില്‍ ഉല്‍സാഹത്തോടെ മീന്‍ പിടിക്കുന്നതിനിടയിലും  ചുഴലിക്കാറ്റിനെ ക്കുറിച്ച് മുന്നറിയിപ്പോ മറ്റുസന്ദേശങ്ങങ്ങളോ  ഇവര്‍ക്ക് ലഭിച്ചിരുന്നില്ല.  30 ാം തിയ്യതിയാണ്  ചുഴലിക്കാറ്റില്‍  പെടുന്നത്. ശേഖരിച്ച ഭക്ഷണങ്ങള്‍  കുടിവെള്ളവും എല്ലാം കടലില്‍ വീണു.വള്ളം പലപ്രാവശ്യം നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കിട്ടിയ തടികഷണങ്ങളില്‍ നാലു ദിവസമായി പിടിച്ചു കിടന്നു.
സംസ്ഥാനത്ത്  തീരദേശ മേഖലയില്‍ ഓഖി ചുഴലിക്കാറ്റില്‍ അകപെട്ടവര്‍ക്കുള്ള തിരച്ചിലിലാണ്  കോസ്റ്റ് ഗാര്‍ഡുകള്‍ ഇവരെ  കാണുകയും രക്ഷപ്പെടുത്താനുമായത്.   ചെത്തി, അര്‍ത്തുങ്കല്‍ കടപ്പുറങ്ങളില്‍  ഇവരുമായെത്തിയ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട്  ചെല്ലാനം കടപ്പുറത്ത് എത്തിച്ച ശേഷം  ആംബുലന്‍സിന്റെ സഹായത്താല്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കന്യാകുമാരി സ്വദേശികളായ ബ്ലാസ്റ്റര്‍ സേവ്യര്‍, ജോര്‍ജ്, ജോര്‍ജിന്റെ പിതാവ് സൂസിന്‍,  ബാലമുരുഗന്‍ , തദേവൂസ്, ലൂര്‍ദാസന്‍, ജോസഫ്,  അരുണ്‍ ദാസന്‍, സജിന്‍,  ജെറാസ്,  സെല്‍വരാജ്,  സാജന്‍,  ജോര്‍ജ്ജ്,  വിഗ്‌നേഷ്  നാഗപട്ടണം,  അനില്‍കുമാര്‍ കളിയിക്കാവിള, രണ്ടാമത്തെ വള്ളത്തിലുണ്ടായിരുന്ന  ആസാം സ്വദേശികളായ ദാസ് തര്‍ മുരളി, അമര്‍ ജ്യോതി, മൂണ്‍സൈറ്റിയാ  എന്നിവരെയാണ്  താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
താലൂക്ക് ആശുപത്രിയില്‍ ഇവരെ കൊണ്ടുവരുമെന്ന സന്ദേശം ലഭിച്ചതോടെ  വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തിരുന്നു.  മന്ത്രി പി തിലോത്തമന്‍, സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പരിക്കേറ്റവരെ പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കിയ ശേഷം ഇവരുടെ സ്വന്തം നാട്ടിലെത്തിക്കാനുള്ള നടപടി കൈകൊള്ളുമെന്ന് മന്ത്രി  പറഞ്ഞു.
തഹസില്‍ദാര്‍ അബ്ദുള്‍ ബഷീര്‍. ചേര്‍ത്തല നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന, സി കെ ഷാജിമോഹന്‍, എന്‍ എസ് യു മുന്‍ നേതാവ് എസ് ശരത്ത്, കൗണ്‍സിലര്‍മാരായ ബി ഫൈസല്‍, അരുണ്‍കുമാര്‍ എന്നിവരും ചികില്‍ല്‍സക്കായി എത്തിയവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കി.
Next Story

RELATED STORIES

Share it