നടുക്കടലില്‍ അകപ്പെട്ട മലയാളി കുടുംബങ്ങള്‍ തിരിച്ചെത്തി

കാഞ്ഞങ്ങാട്: മാലദ്വീപിലേക്കു പോയ കാസര്‍കോട്ടെ രണ്ടു കുടുംബങ്ങളിലെ 14 പേര്‍ ഉള്‍പ്പെടെ 450 മലയാളികള്‍ യാത്രചെയ്ത കപ്പല്‍ ഓഖി ചുഴലിക്കാറ്റില്‍ കുടുങ്ങി. ഒരുദിവസം കപ്പല്‍ കടലില്‍ അകപ്പെെട്ടങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. നീലേശ്വരം ചായ്യോത്തെ പിഡബ്ല്യുഡി കരാറുകാരനായ സി നാരായണനും പത്തംഗ കുടുംബവും കാഞ്ഞങ്ങാട്ടെ ടാക്‌സ് കണ്‍സള്‍ട്ടന്റ് അഡ്വ. ജോയിയും നാലംഗ കുടുംബവുമാണ് ഇന്നലെ രാവിലെയോടെ വീടുകളില്‍ തിരിച്ചെത്തിയത്. വിനോദയാത്രയുടെ ഭാഗമായി ബുധനാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ കപ്പലില്‍ യാത്ര പുറപ്പെട്ടത്. കോസ്റ്റാനിയ ക്ലാസിക് എന്ന ഇറ്റാലിയന്‍ കപ്പലിലായിരുന്നു യാത്ര. മലയാളികളെ കൂടാതെ 1,400 യാത്രക്കാര്‍ 14 ഡെക്കുള്ള കപ്പലിലുണ്ടായിരുന്നു. നടുക്കടലില്‍ എത്തിയപ്പോഴാണ് ഓഖി ചുഴലിക്കാറ്റ് കപ്പല്‍ സഞ്ചരിക്കുന്ന ദിശയിലൂടെ വരുന്നുണ്ടെന്ന് കപ്പിത്താന് വിവരം ലഭിക്കുന്നത്. ആഞ്ഞടിച്ച തിരമാലകളിലും ശക്തമായ കാറ്റിലും ആടിയുലഞ്ഞ കപ്പലിനെ കപ്പിത്താന്‍ പണിപ്പെട്ട് നിയന്ത്രിക്കുകയായിരുന്നു. വെള്ളിയാഴ്ച മാലദ്വീപില്‍ എത്തേണ്ട ഇവര്‍ ചുഴലിക്കാറ്റായതിനാല്‍ ഒരുദിവസം മുഴുവന്‍ കടലില്‍ തന്നെയായിരുന്നു. കാറ്റ് ആഞ്ഞടിച്ച് കപ്പല്‍ ആടിയുലഞ്ഞതിനാല്‍ പലരും ഛര്‍ദ്ദിച്ചു. യാത്രക്കാരെല്ലാം ഭയപ്പെട്ടെങ്കിലും കപ്പിത്താനും കപ്പല്‍ ജീവനക്കാരും ധൈര്യം പകര്‍ന്നു. ശനിയാഴ്ച ഇവരെ ചെറു ബോട്ടുകളില്‍ മാലദ്വീപിലെത്തിക്കുകയായിരുന്നു. ഒരുദിവസം മുഴുവന്‍ ആശങ്കയിലായ തങ്ങള്‍ക്ക് കരകണ്ടതോടെയാണ് ശ്വാസം നേരെ വീണതെന്ന് അഡ്വ. ജോയി പറഞ്ഞു. പിന്നീട് മാലദ്വീപ് എയര്‍പോര്‍ട്ട് വഴി തിരുവനന്തപുരത്തേക്കു വരുകയും അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം വീടുകളിലെത്തുകയുമായിരുന്നു. കാറ്റിന്റെ വിവരം അറിഞ്ഞതോടെ കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഭയപ്പെട്ടെന്നും മിനിറ്റുകള്‍ ഇടവിട്ട് ഫോണ്‍ വിളികളായിരുെന്നന്നും യാത്രക്കാര്‍ പറഞ്ഞു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറും ഈ കപ്പലിലെ യാത്രക്കാരനായിരുന്നു.
Next Story

RELATED STORIES

Share it