നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ എറണാകുളം സെഷന്‍സ് കോടതിയില്‍

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണാ നടപടികള്‍ നടക്കുക എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍. ഇന്നലെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിചാരണ അടക്കമുള്ള തുടര്‍നടപടികള്‍ക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി അങ്കമാലി കോടതി തള്ളി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തോടൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നും വിചാരണയ്ക്കു മുമ്പ് എല്ലാ തെളിവുകളും പ്രതിക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹരജി നല്‍കിയിരുന്നത്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ പ്രതിക്ക് ലഭിക്കുന്നത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. തുടര്‍ന്നാണ് ദിലീപിന്റെ ഹരജി കോടതി തള്ളിയത്. ദൃശ്യങ്ങള്‍ ലഭിക്കാന്‍ തുടര്‍ന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ അറിയിച്ചു. അതേസമയം, കേസിലെ മറ്റു രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോണ്‍വിവരങ്ങളും പ്രതികള്‍ക്ക് നല്‍കിയിരുന്നു. കേസിലെ എല്ലാ പ്രതികളോടും ഇന്നലെ ഹാജരാകണമെന്ന് അങ്കമാലി കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ്, അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ ഹാജരായില്ല. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ഒമ്പതു പ്രതികള്‍ ഹാജരായി. കാശുള്ളവര്‍ കേസില്‍ നിന്നു രക്ഷപ്പെടുമെന്നാണ് തോന്നുന്നതെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലിലേക്ക് കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അങ്കമാലി കോടതിയില്‍ നിന്നു കേസിന്റെ രേഖകളും തെളിവുകളും വിചാരണക്കോടതിയിലേക്ക് മാറ്റും. ഇവ ഫയലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികള്‍ക്ക് കോടതി സമന്‍സ് അയക്കും. തുടര്‍ന്നാണ് വിചാരണ ആരംഭിക്കുക.
Next Story

RELATED STORIES

Share it