Flash News

നടിയെ ആക്രമിച്ച സംഭവം : പിണറായിയുടെ പ്രസ്താവന അന്നത്തെ വിവരത്തിന്റെ അടിസ്ഥാനത്തില്‍



കോഴിക്കോട്: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നപ്പോ ള്‍ പോലിസ് സ്വഭാവികമായും അക്കാര്യം അന്വേഷിച്ചു. പോലിസിന് കേസന്വേഷണത്തിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അന്വേഷണത്തില്‍ സിപിഎം ഇടപെടില്ല. എത്രമണിക്കൂര്‍ ചോദ്യംചെയ്യണം; എന്തൊക്കെ ചോദിക്കണം എന്നതൊക്കെ പോലിസിന്റെ ഇഷ്ടമാണ്. അതില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ട. ഇവിടെ സെല്‍ ഭരണമല്ല നടക്കുന്നത്. ഇന്ന ചോദ്യങ്ങളെ ചോദിക്കാവൂ എന്ന് പോലിസിന് എഴുതിക്കൊടുത്തുള്ള അന്വേഷണങ്ങളൊക്കെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. മൂന്നാര്‍ വിഷയത്തില്‍ സിപിഐയുമായി അഭിപ്രായവ്യത്യാസമില്ല. ഏതെങ്കിലും വിഷയത്തില്‍ പ്രശ്‌നമുണ്ടെന്ന് ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം ചര്‍ച്ചചെയ്ത് പരിഹരിക്കും. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട്് യോഗം വിളിച്ചത് ഇടതുമുന്നണിയല്ല. മുഖ്യമന്ത്രിയും സര്‍ക്കാരും വിവിധ വിഷയങ്ങളില്‍ യോഗം വിളിക്കാറുണ്ട്. അതു സര്‍ക്കാര്‍തലത്തിലുള്ള കാര്യങ്ങളാണ്. ഇടുക്കിയിലെ ഇടതുമുന്നണി നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതെന്നാണ് മനസ്സിലാക്കുന്നത്. റവന്യൂമന്ത്രിയെ ഉള്‍പ്പെടെ നിലവിലെ ഒരൊറ്റ മന്ത്രിയെയും മാറ്റണമെന്ന അഭിപ്രായം സിപിഎമ്മിന് ഇല്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it