നടിയെ ആക്രമിച്ച കേസ്: അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതിയായ ചലച്ചിത്ര നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.
കേസില്‍ അറസ്റ്റിലായ ആദ്യ പ്രതികള്‍ കെട്ടിച്ചമച്ച നുണയുടെ അടിസ്ഥാനത്തില്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത് ദുരുദ്ദേശ്യപരമാണെന്ന് ഹരജിയില്‍ പറയുന്നു. ന്യായമായ അന്വേഷണവും വിചാരണയും ഭരണഘടന നല്‍കുന്ന അവകാശമാണെന്ന് സുപ്രിംകോടതിയുടെ വിധിയുണ്ട്. നടിയെ ആക്രമിച്ച സംഭവത്തില്‍ പങ്കാളിത്തമോ ഇതേക്കുറിച്ച് അറിവോ ഇല്ലാത്ത തന്നെ പ്രതിയാക്കിയത് അസാധാരണ നടപടിയാണ്. കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന പോലിസിന്റെ നിയന്ത്രണത്തിലല്ലാത്ത മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണം.
തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യുവനടിയെ ആക്രമിച്ച സംഭവത്തില്‍ 2017 ജൂലൈ 10നാണ് ദിലീപിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതിനു മുമ്പ് പള്‍സര്‍ സുനിയടക്കം ഏഴ് പ്രതികള്‍ക്കെതിരേ 2017 മാര്‍ച്ച് 18ന് അന്വേഷണസംഘം അന്തിമ റിപോര്‍ട്ട് കോടതിയില്‍ നല്‍കി. സംഭവത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ആദ്യ കുറ്റപത്രത്തില്‍ പറയുന്ന ആക്രമണ കാരണത്തിന് കടകവിരുദ്ധമായ കണ്ടെത്തലാണ് അന്വേഷണ സംഘം തന്നെ പ്രതിയാക്കി നല്‍കിയ അനുബന്ധ കുറ്റപത്രത്തിലുള്ളതെന്നും ദിലീപ് ആരോപിക്കുന്നു.
Next Story

RELATED STORIES

Share it