Movies

നടിയുടെ വിഷയം ആരും യോഗത്തില്‍ ഉന്നയിച്ചില്ല;ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ല:ഇന്നസെന്റ്

നടിയുടെ വിഷയം ആരും യോഗത്തില്‍ ഉന്നയിച്ചില്ല;ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ല:ഇന്നസെന്റ്
X


കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവം ആരും യോഗത്തില്‍ ഉന്നയിച്ചില്ലെന്ന് 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട ദിവസം തന്നെ താന്‍ മുഖ്യമന്ത്രിയും ഡിജിപിയുമായി ബന്ധപ്പെട്ടിരുന്നു. കേസിനെ ബാധിക്കും എന്നതിനാല്‍ കൂടുതല്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് ഇരുവരും നിര്‍ദേശിച്ചിരുന്നു. അതിനാലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറയാതിരുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. ഈ സംഭവത്തില്‍ ആക്രമണത്തിനിരയായതും അതിന്റെ പേരില്‍ ആരോപണം നേരിടുന്നതും 'അമ്മ'യുടെ മക്കള്‍ തന്നെയാണ്. ഇരുവരുടെയും വേദന അമ്മക്ക് ഒരുപോലെയാണ്. അതുകൊണ്ട് ഇരുവര്‍ക്കും അമ്മ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ഇന്നസെന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അമ്മയില്‍ ചര്‍ച്ചയുണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് അംഗങ്ങളാരും ചോദ്യം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കെബി ഗണേഷ് കുമാര്‍, ദേവന്‍, മണിയന്‍പിള്ള രാജു, കുക്കു പരമേശ്വരന്‍, മുകേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാന്‍ തയ്യാറായില്ല.

അതേസമയം, ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്ന് നടന്‍ മുകേഷ് പറഞ്ഞു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് പറഞ്ഞു.
ആടിനെ പട്ടിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അമ്മ വൈസ് പ്രസിഡന്റ് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. സംഘടയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ല. നടിക്കും നടനും അമ്മ പിന്തുണ നല്‍കുന്നു. ആര് ശ്രമിച്ചാലും ഈ സംഘടനയെ തകര്‍ക്കാനാവില്ല. നടിയുമായി ബന്ധപ്പെട്ട വിഷയം യോഗത്തില്‍ ഉന്നയിക്കാന്‍ പറഞ്ഞെങ്കിലും ആരും ഒന്നും പറഞ്ഞില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ദിലീപ് പ്രതികരിച്ചു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നതായും ദിലീപ് പറഞ്ഞു.
Next Story

RELATED STORIES

Share it