Flash News

നടിക്കെതിരായ ആക്രമണം ചര്‍ച്ചയ്‌ക്കെടുക്കാതെ അമ്മ ജനറല്‍ബോഡി



കൊച്ചി: നടിക്കെതിരെയുണ്ടായ ആക്രമണക്കേസില്‍ നടന്‍ ദിലീപിന് താരസംഘടന അമ്മയുടെ പൂര്‍ണ പിന്തുണ. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ 23ാമത് ജനറല്‍ബോഡി യോഗത്തില്‍ നടന്‍ ദിലീപിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ സംഘടന തീരുമാനിച്ചു. അതേസമയം ആക്രമണത്തിന് ഇരയായ നടിക്ക് നീതി ലഭിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അമ്മ നേതൃത്വം പറഞ്ഞു. അക്രമത്തിനിരയായ നടിയുമായി ബന്ധപ്പെട്ട ഏറെ ചര്‍ച്ചയായ സംഭവങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവരുമെന്നും ദിലീപിനോട് സംഘടനയുടെ നിലപാടെന്താവുമെന്നുമായിരുന്നു ഏവരും ഉറ്റുനോക്കിയത്. വുമണ്‍ കലക്റ്റീവിന് നേതൃത്വംനല്‍കിയ നടിമാരായ റിമ കല്ലിങ്കലും രമ്യാ നമ്പീശനും ജനറല്‍ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നു രാവിലെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ നടിയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചെങ്കിലും ചര്‍ച്ചയ്ക്ക് എടുത്തില്ലെന്നു റിമ അറിയിച്ചു. കത്ത് മുഖേന വുമണ്‍ കലക്ടീവ് അമ്മയോട് ആവശ്യപ്പെട്ട കാര്യങ്ങളോട് അനുകൂല നിലപാടാണു നേതൃത്വം സ്വീകരിച്ചതെന്നും റിമ  പറഞ്ഞു. അതേസമയം, നടിയുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ട കാര്യമില്ലെന്ന് ജനറല്‍ബോഡിക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് പറഞ്ഞു. വുമണ്‍ കലക്ടീവിനെ പൂര്‍ണമായും പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായും ഇന്നസെന്റ് അറിയിച്ചു. ചാനല്‍ ചര്‍ച്ചയില്‍ നടിയെക്കുറിച്ച് ദിലീപ് നടത്തിയ മോശം പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ശ്രദ്ധയില്‍പെട്ടില്ലെന്നു പറഞ്ഞ് ഇന്നസെന്റും മറ്റ് ഭാരവാഹികളും ഒഴിഞ്ഞുമാറി. സലിംകുമാര്‍ ഫേസ്ബുക്കിലൂടെ നടിക്കെതിരേ നിലപാടുകള്‍ സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അതില്‍ സംഘടനയ്ക്ക് ഉത്തരവാദിത്തമില്ലെന്നും വൈസ് പ്രസിഡന്റ് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ആക്രമണം നേരിട്ട നടിയും ആരോപണങ്ങള്‍ നേരിടുന്നവരുമെല്ലാം അമ്മയുടെ മക്കളാണ്. അവരുടെ വേദനകള്‍ കണ്ടുനില്‍ക്കുകയില്ലെന്നും സംരക്ഷിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ബുധനാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലും നടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. രാവിലെ ആരംഭിച്ച ജനറല്‍ബോഡി യോഗത്തില്‍ മലയാള സിനിമാരംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്തു. എന്നാല്‍ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള ചില താരങ്ങളുടെ അസാന്നിധ്യം ശ്രദ്ധേയമായി. മോഹന്‍ലാല്‍, ഗണേഷ്‌കുമാര്‍, മമ്മൂട്ടി, ഇടവേള ബാബു, ദിലീപ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it