Kottayam Local

നടപ്പാതയ്ക്കു കൈവരികള്‍ സ്ഥാപിക്കുന്നജോലി നിര്‍ത്തിവച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി  കാഞ്ഞിരം കവല റോഡ് വീതികൂട്ടി ബിഎംആന്റ് ബിസി നിലവാരത്തില്‍ ഡാര്‍ ചെയ്തു നവീകരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ഈരാറ്റുപേട്ട റോഡരികിലെ നടപ്പാതയ്ക്കു കൈവരികള്‍ സ്ഥാപിക്കുന്നതിന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.പേട്ടക്കവലയില്‍ പാതയോരത്തെ നടപ്പാതയ്ക്കു കൈവരികള്‍ സ്ഥാപിക്കാന്‍ കരാറുകാര്‍ എത്തിയിരുന്നു. 20 മീറ്റര്‍ വീതം നീളം വരുന്ന കൈവരികള്‍ക്കിടെ ആളുകള്‍ക്കു കടക്കാന്‍ 70 സെന്റിമീറ്റര്‍ ഇടവിട്ടു നിര്‍മിക്കാനാണു കരാറുകാര്‍ എത്തിയത്. എന്നാല്‍ കൈവരികളുടെ നീളം 15 മീറ്ററാക്കി കുറയ്ക്കണമെന്നും ആളുകള്‍ക്കു കടക്കാന്‍ വേണ്ടിയുള്ള സ്ഥലം 100 സെന്റിമീറ്റര്‍ ആക്കി നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ രംഗത്തെത്തിയത്. വ്യാപാര സ്ഥാപനങ്ങളുടെ പാര്‍ക്കിങ് സ്ഥലത്തേക്കു വാഹനങ്ങള്‍ കടക്കുന്നതിനും ലോഡ് ഇറക്കുന്നതിനും ആവശ്യമായ സ്ഥലമിട്ടു വേണം കൈവരികള്‍ നിര്‍മിക്കാനെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് വ്യാപാരികള്‍ എന്‍ ജയരാജ് എംഎല്‍എയെ ഫോണില്‍ ബന്ധപ്പെട്ടു പ്രതിഷേധം അറിയിച്ചു. ഇതേ തുടര്‍ന്ന് എംഎല്‍എ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി ഫോണില്‍ ബന്ധപ്പെട്ടു കൈവരി നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.പേട്ട ജങ്ഷനില്‍ ഡിവൈഡറുകള്‍ ഉള്‍പ്പെടെ ആവശ്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കാല്‍നടയാത്രികരുടെ സുരക്ഷയ്ക്കാണ് കൈവരികള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിര്‍മിക്കുന്നതെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജെയ്ക് ജോസഫ് അറിയിച്ചു. പൊതുമരാമത്ത് വിവിധ പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്ന റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡാണ് കാഞ്ഞിരപ്പള്ളി  കാഞ്ഞിരം കവല റോഡ് നവീകരണം പബ്ലിക്  െ്രെപവറ്റ് പാര്‍ട്ടിസിപ്പേഷനോടുകൂടി നടപ്പാക്കുന്നത്. രണ്ടു വര്‍ഷംകൊണ്ടു നവീകരണം പൂര്‍ത്തിയാക്കുന്ന റോഡ് തുടര്‍ന്നു 13 വര്‍ഷം പരിപാലിക്കുന്നത് ഉള്‍പ്പെടെ 15 വര്‍ഷത്തെ കരാറാണുള്ളത്.
Next Story

RELATED STORIES

Share it