Kottayam Local

നടപ്പാതകളിലെ വൈദ്യുതി പോസ്റ്റുകള്‍ നീക്കണമെന്ന ആവശ്യം ശക്തം

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച നടപ്പാതകളില്‍ തടസ്സമായി വൈദ്യുതി പോസ്റ്റുകള്‍. പേവ്‌മെന്റ് ബ്ലോക്കുകള്‍ പാകി മനോഹരമാക്കിയ പാതയിലാണു വഴിമുടക്കിയായി പോസ്റ്റുകള്‍ നില്‍ക്കുന്നത്. ഈരാറ്റുപേട്ടയിലും തിടനാട് ടൗണുകളിലുമാണ് ഈ കാഴ്ചകള്‍.
നടപ്പാത നിര്‍മിച്ചപ്പോള്‍ പോസ്റ്റ് അവിടെത്തന്നെ നിലനിര്‍ത്തി പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. സ്റ്റേ കമ്പിയും നടപ്പാതയില്‍ തന്നെയാണ്. റോഡ് പണി പൂര്‍ത്തിയായിട്ടും പലയിടത്തും റോഡ് സൈഡില്‍ സ്ഥിതി ചെയ്യുന്ന അപകടം ക്ഷണിച്ചുവരുത്തുന്ന വൈദ്യുത പോസ്റ്റുകള്‍ മാറ്റിയിട്ടില്ല. തിടനാട് അമ്പലം ജങ്ഷനിലെ ട്രാന്‍സ്‌ഫോമറിനോടു ചേര്‍ന്നാണു നടപ്പാതയ്ക്കു നടുവിലെ ഈ പോസ്റ്റ്.
പോസ്റ്റ് നിലനിര്‍ത്തിക്കൊണ്ടുതന്നെ നടപ്പാത നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ സ്റ്റേ കമ്പിയിലും പോസ്റ്റിലും ട്രാന്‍സ്‌ഫോമറിലും തട്ടാതെ സൂക്ഷിക്കേണ്ട ഗതികേടിലാണ് വഴിയാത്രക്കാര്‍.
അതേസമയം ഈ പാതയിലെ പല ഭാഗത്തും നിര്‍മാണം ഇത്തരത്തിലാണ്.
പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതു ചെലവേറിയ കാര്യമായതിനാല്‍ ഇവ നിലനിര്‍ത്തിതന്നെയാണ് എല്ലായിടത്തും നിര്‍മാണം. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പോസ്റ്റുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it