നടപടി വനം വകുപ്പിനോടുള്ള വെല്ലുവിളി; റോഡരികിലെ മരങ്ങള്‍ മുറിക്കുന്നത് അനുമതിയില്ലാതെ

കെ സനൂപ്

പാലക്കാട്: റോഡരികിലുള്ള മരങ്ങള്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ മുറിച്ചുമാറ്റുന്നത് കേരളത്തില്‍ വ്യാപകമാവുന്നു. ഗതാഗതത്തിനും കെട്ടിടങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്നുവെന്ന വാദമുയര്‍ത്തിയാണ് വനംവകുപ്പിന്റെ അനുമതിയില്ലാതെ റോഡരികിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. വനംവകുപ്പിന്റെ 'വഴിയോര തണല്‍മരം' പദ്ധതി പ്രകാരം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നട്ട 1 കോടി 87 ലക്ഷം മരങ്ങളാണ് മുറിച്ചുതള്ളുന്നവയില്‍ ഏറെയും.
മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ അടിയന്തര അനുമതി മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന്റെ പിന്‍ബലത്തിലാണു നടപടി. പാലക്കാട് ജില്ലയിലെ പാലക്കാട് നഗരസഭ പ്രദേശം, ഒറ്റപ്പാലം, കടമ്പഴിപ്പുറം, പട്ടാമ്പി, കൊപ്പം, ആനക്കര, പടിഞ്ഞാറങ്ങാടി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ മരംമുറി നടക്കുന്നത്. പാലക്കാട്-തൃശൂര്‍ ജില്ല അതിര്‍ത്തിയായ വടക്കഞ്ചേരി, ആലത്തൂര്‍, കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളായ ചിറ്റൂര്‍, കൊല്ലങ്കോട്, പറമ്പിക്കുളം, അട്ടപ്പാടി മേഖലകളിലും ഇത്തരത്തില്‍ വ്യാപകമായി മരം മുറിക്കുന്നു. മരത്തിന്റെ സമീപമുള്ള വ്യാപാരസ്ഥാപനങ്ങളെടെയും മറ്റ് കെട്ടിടമുടമകളുടെയും സ്വാധീനത്തിനു വഴങ്ങിയാണ് ഇത്തരത്തില്‍ വ്യാപക മരംമുറി നടക്കുന്നതെന്നാണു വ്യക്തമാവുന്നത്.
അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ രൂപീകരിച്ച ജനപ്രതിനിധികളടങ്ങുന്ന സമിതികള്‍ മരങ്ങള്‍ വെട്ടിമാറ്റണമോ എന്ന് നേരിട്ടു പരിശോധിക്കണ്ടതാണെന്ന് മുന്‍മന്ത്രി ബിനോയ് വിശ്വം തേജസിനോടു പറഞ്ഞു. 'ആഗോള താപനം- മരമാണു മറുപടി' യെന്ന തത്വം മുന്‍നിര്‍ത്തി വനംവകുപ്പ് നട്ട മരങ്ങള്‍ മുറിച്ചുമാറ്റുന്ന നടപടി വകുപ്പിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം പരിസ്ഥിതി വിഷയങ്ങളില്‍ പ്രതികരണവുമായി രംഗത്തുവരാറുള്ള ഒരു സംഘടനയും പ്രത്യേകിച്ച് സിപിഎം അനുകൂല സംഘടനയായ ശാസ്ത്ര സാഹിത്യപരിഷത്ത് മരംമുറിക്കെതിരേ രംഗത്തുവരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it