kannur local

നടപടി പുരോഗമിക്കുന്നുവെന്ന് നാവിക അക്കാദമി

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ സംസ്‌കരണ സംവിധാനം സംബന്ധിച്ചുള്ള വിദഗ്ധ സമിതിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ശുപാര്‍ശപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി നാവിക അക്കദമി അധികൃതര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നാവിക അക്കാദമി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. എല്ലാ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും പരിശോധിക്കുകയും അവയെല്ലാം ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി അക്കാദമി കമാണ്ടര്‍ കമലേഷ് കുമാര്‍ വിശദീകരിച്ചതായി ജില്ലാ കലക്്ടര്‍ അറിയിച്ചു. ചോര്‍ച്ചയുണ്ടായിരുന്ന ഏതാനും പൈപ്പുകള്‍ മാറ്റിസ്ഥാപിച്ചു. നിലവില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് സംവിധാനം കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. വിദഗ്ധ സമിതിയുടെ മറ്റ് ശുപാര്‍ശകളും നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം ശുപാര്‍ശകള്‍ക്ക് അനുസരിച്ചുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. സ്വീവേജ് ട്രീറ്റ്‌മെന്റ് സംവിധാനം വികേന്ദ്രീകരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു ട്രീറ്റ്‌മെന്റ് പ്ലാന്റിനുള്ള ടെണ്ടര്‍ നടപടിയായി. മറ്റുള്ളവയുടേതിന്റെ കാര്യത്തില്‍ ഡല്‍ഹിയില്‍ നിന്നുമുള്ള അനുമതി കിട്ടിയാല്‍ നടപടി കൈക്കൊള്ളുമെന്നും അക്കദമി കമാണ്ടര്‍ അറിയിച്ചു.     നാവിക അക്കാദി സ്വീകരിച്ച നടപടികള്‍ നേരിട്ട് വിലയിരുത്താന്‍ വിദഗ്ധസമിതിയെ ജൂലൈ, ആഗസ്ത് മാസത്തില്‍ പരിശോധനയ്ക്ക് അയക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് സി കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വിദഗ്ധസമിതി മുമ്പാകെ പഞ്ചായത്തിന് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റും ആവശ്യപ്പെട്ടു. മലിനീകരണ പ്രശ്‌നം സംബന്ധിച്ച് രാമന്തളി പഞ്ചായത്തിലെ ജനങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഹരിക്കാന്‍ നാവിക അക്കാദമി പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി വിദഗ്ധ സമിതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും മുന്നോട്ടുവച്ച ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും നാവല്‍ അക്കാദമി അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it