നടപടി നിര്‍ത്തിവയ്ക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ നല്‍കിയ അപകീര്‍ത്തി ക്കേസില്‍ “ദ വയറി’നെതിരായ നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഗുജറാത്ത് കോടതിയോട് സുപ്രിംകോടതി. കേസ് തള്ളണമെന്നാവശ്യപ്പെട്ട് “'ദ വയര്‍' നല്‍കിയ ഹരജി ഏപ്രില്‍ 12ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് വ്യക്തമാക്കിയത്. 2014ല്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍  അധികാരത്തിലെത്തിയ ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം ക്രമാതീതമായി കുതിച്ചുയര്‍ന്നുവെന്ന “'ദ വയര്‍'’ റിപോര്‍ട്ടിനെതിരേ 2017 ഒക്ടോബറിലാണ് ജയ് ഷാ കോടതിയെ സമീപിച്ചത്.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് “'ദ വയര്‍'’ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യാ അപകീര്‍ത്തി കേസ് നിലനില്‍ക്കുന്നതാണെന്നും മാധ്യമപ്രവര്‍ത്തകര്‍ വിചാരണ നേരിടണമെന്നുമായിരുന്നു കോടതി വിധി. ഇതിനെതിരേയാണ് “'ദ വയര്‍'’ സുപ്രിംകോടതിയെ സമീപിച്ചത്. ഇന്നലെ ഹരജിയില്‍ വാദംകേള്‍ക്കുന്നതിനിടെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍, മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒറ്റ രാത്രി കൊണ്ട് —'പോപ്പാ'കാമെന്ന് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ചിന്തിക്കരുതെന്നും താന്‍ പറയുന്നത് പൊതുവായിട്ടാണെന്നും ഈ കേസിന്റെ കാര്യത്തില്‍ അല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്തും എഴുതാമെന്നാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ചിന്തിക്കുന്നത്. നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് എന്തും എഴുതി ഒഴിഞ്ഞു മാറാനാവില്ല. ചിലയാളുകള്‍ ഉപദേശക പീഠത്തില്‍ ഇരുന്ന് എന്തും എഴുതുകയാണോ, അതു പ്രവര്‍ത്തനമാണോ എന്നും ദീപക് മിശ്ര ചോദിച്ചു.
ആരെയെങ്കിലും കുറിച്ച് ആര്‍ക്കും എന്തും പറയാമെന്നാണോ എന്നു ചോദിച്ചത് ചീഫ് ജസ്റ്റിസ് അതിന് പരിധിയുണ്ടെന്നും പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തിലെത്തി ഒരു വര്‍ഷത്തിനു ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്നായിരുന്നു “ദ വയര്‍’ രേഖകള്‍ സഹിതം റിപോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജയ് ഷാ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it