നടപടികള്‍ പൂര്‍ത്തിയായില്ല; റേഷന്‍കാര്‍ഡ് വിതരണം അനിശ്ചിതത്വത്തില്‍; പുതിയ റേഷന്‍കാര്‍ഡിന് 82,60,619 അപേക്ഷകര്‍

എം വി വീരാവുണ്ണി

പട്ടാമ്പി: നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ സംസ്ഥാനത്ത് പുതിയ റേഷന്‍കാര്‍ഡ് വിതരണം തുടങ്ങാനായില്ല. റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള ഫോറം വിതരണവും അപേക്ഷ പുതുക്കലും സ്വീകരിക്കലും കഴിഞ്ഞ വര്‍ഷം നടത്തിയെങ്കിലും രണ്ടു തിരഞ്ഞെടുപ്പുകള്‍ അടുത്തടുത്തായി എത്തിയത് നടപടിക്രമങ്ങളെ ബാധിച്ചതിനാലാണ് വിതരണം വൈകുന്നത്.
2013ല്‍ പുതുക്കേണ്ട കാര്‍ഡുകള്‍ക്കുള്ള അപേക്ഷാ ഫോം വിതരണം ചെയ്തതു തന്നെ 2015 ഏപ്രില്‍ മുതലായിരുന്നു. പതിവിനു വിപരീതമായി ഫോറത്തിന്റെ രൂപകല്‍പനകള്‍ പൊതുജനങ്ങളെ ഏറെ ആശയകുഴപ്പത്തിലാക്കിയിരുന്നു. നിലവിലുണ്ടായിരുന്ന കാര്‍ഡുടമകളായ പുരുഷന്മാരെ ഒഴിവാക്കി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയെ കാര്‍ഡ് ഉടമയാക്കല്‍, ദേശസാല്‍കൃത ബാങ്കിന്റെ അക്കൗണ്ടുമായി ബന്ധപ്പെടുത്തല്‍, ആധാര്‍/എന്‍പിആര്‍ നമ്പരുകള്‍ ഉള്‍പ്പെടുത്തല്‍, പ്രയോറിറ്റി/ നോണ്‍ പ്രയോറിറ്റി കാറ്റഗറിയിലേക്ക് തരംതിരിക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ക്കായി ഒരു വര്‍ഷത്തിലധികമാണ് സിവില്‍ സപ്ലൈസ് വകുപ്പ് എടുത്തത്.
അനര്‍ഹരായ ലക്ഷത്തിലധികം ബിപിഎല്‍ കാര്‍ഡുകള്‍ എപിഎല്ലിലേക്കു മാറ്റുന്നതിനാലാണ് റേഷന്‍കാര്‍ഡ് വിതരണം നീളുന്നതെന്നാണ് സിവില്‍ സപ്ലൈസിലെ ഉദ്യോഗസ്ഥര്‍ അനൗപചാരികമായി അറിയിച്ചത്.
2015ലെ പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷ പ്രകാരം സംസ്ഥാനത്താകെ 82,60,619 റേഷന്‍കാര്‍ഡുകളാണ് ആവശ്യം. അഞ്ചു വര്‍ഷം മുമ്പ് റേഷന്‍കാര്‍ഡ് ലഭിച്ചവര്‍ക്ക് എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ തരംതിരിച്ചായിരുന്നു കാര്‍ഡുകള്‍ നല്‍കിയിരുന്നത്. അവര്‍ക്ക് വിവിധ പദ്ധതികളില്‍പ്പെടുത്തി സൗജന്യമായും ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും കിലോഗ്രാമിന് അരി നല്‍കിവരുന്നുണ്ട്.
എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതുതായി റേഷന്‍കാര്‍ഡ് എടുത്തവരെ മുഴുവന്‍ എപിഎല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. റേഷന്‍കാര്‍ഡ് എന്നു വിതരണം ചെയ്യുമെന്ന് പറയാന്‍ പോലും പൊതുവിതരണ വകുപ്പിനു കഴിയുന്നില്ല.
Next Story

RELATED STORIES

Share it