നടപടികള്‍ എങ്ങുമെത്താതെ ഇശ്‌റത് കേസ്

അഹ്മദാബാദ്: 2002-06 കാലയളവില്‍ ഗുജറാത്തില്‍ നിരവധി ഏറ്റുമുട്ടല്‍ കൊലകള്‍ പോലിസ് നടത്തിയിട്ടുണ്ടെങ്കിലും ഇശ്‌റത് ജഹാന്‍ കേസ് മാത്രമാണ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെയും ബിജെപി നേതാക്കളെയും വധിക്കാനെത്തിയവരെന്നാരോപിച്ചായിരുന്നു എല്ലാ ഏറ്റുമുട്ടല്‍ കൊലകളും. എന്നാല്‍, ഇശ്‌റത്ത് കേസില്‍ ഐബിയുടെ പ്രത്യേക ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരേ കുറ്റം ചുമത്തപ്പെട്ടു. ഐബിയും ഗുജറാത്ത് പോലിസും നടത്തിയ ഗൂഢാലോചനയിലൂടെയാണ് വ്യാജ ഏറ്റുമുട്ടലില്‍ ഇശ്‌റത്ത് കൊല്ലപ്പെട്ടതെന്ന് സിബിഐ കണ്ടെത്തുകയും ചെയ്തു.
മുംബൈയിലെ മുബ്രയിലുള്ള ഖല്‍സ കോളജ് വിദ്യാര്‍ഥിനിയായ 19കാരി ഇശ്‌റത്തിനൊപ്പം മലയാളി പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ്, പാകിസ്താനികളെന്ന് പറയുന്ന സീഷാന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവരെ 2004 ജൂണ്‍ 15നാണ് അഹ്മദാബാദില്‍ വച്ച് പോലിസ് കൊലപ്പെടുത്തിയത്. അഹ്മദാബാദ് ക്രൈംബ്രാഞ്ചിലെ ഡപ്യുട്ടി പോലിസ് കമ്മീഷണറായിരുന്ന ഡിജി വന്‍സാരയുടെ നേതൃത്വത്തിലുള്ള പോലിസാണ് നാലുപേരെയും വധിച്ചത്.
സംഭവം വിവാദമായതോടെ ഗുജറാത്ത് ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് റിപോര്‍ട്ട് നല്‍കി. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐയും ഇക്കാര്യം ശരിവച്ചു. ഗുജറാത്ത് കേഡറിലെ മൂന്ന് ഐപിഎസ് ഓഫിസര്‍മാരെയും നാല് ഐബി ഉദ്യോഗസ്ഥരെയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്. പ്രതിപ്പട്ടികയിലുള്ള വന്‍സാരയും ഡിഎസ്പിമാരായ തരുണ്‍ ബാറോട്ട്, ജെ ജി പാര്‍മര്‍ എന്നിവരെല്ലാം ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍മാരായി വിരമിച്ചു. മറ്റു പ്രതികളായ പിപി പാണ്ഡെയ്ക്ക് ഗുജറാത്ത് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി, ജി എല്‍ സിംഗാള്‍ ഡിഐജിയായി, എന്‍ കെ അമിനെ മഹിസാഗര്‍ ജില്ലയിലെ എസ് പിയായി നിയമിച്ചു. ഐബി ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന സിബിഐയുടെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയതിനെ തുടര്‍ന്ന് അഹ്മദാബാദ് വിചാരണ കോടതിയിലെ നടപടികള്‍ സ്തംഭിച്ചിരിക്കുകയാണിപ്പോള്‍.
Next Story

RELATED STORIES

Share it