നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

കൊല്ലം: മലയാള സിനിമയില്‍ വില്ലനായും സഹനടനായും സംവിധായകനായും തിളങ്ങിയ നടന്‍ കൊല്ലം അജിത്ത് (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. കുടലില്‍ കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയോളമായി പാലാരിവട്ടത്തെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം കടപ്പാക്കടയിലെ ഹരി നിവാസില്‍ അജിത്തിന്റെ മൃതദേഹം എത്തിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി എറണാകുളം വാഴക്കാലയിലെ ക്ലൗഡ്-9 ഫഌറ്റിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. സംസ്‌കാരം ഇന്നലെ വൈകീട്ട് 5.30ഓടെ പോളത്തോട് ശ്മശാനത്തി ല്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. നേരത്തേ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. തിരുവല്ല വല്ലഭശ്ശേരി കുടുംബത്തില്‍ നിന്നു കൊല്ലത്തെ റെയില്‍വേയില്‍ ജോലിക്കെത്തിയ പരേതനായ റെയില്‍വേ ഉദ്യോഗസ്ഥന്‍ ഹരിദാസിന്റെയും ദേവകിയമ്മയുടെയും മകനാണ് അജിത്ത്. ഭാര്യ പ്രമീള. മകള്‍ ഗായത്രി ബിരുദം പൂര്‍ത്തിയാക്കി. മകന്‍ ശ്രീഹരി പ്ലസ്ടു വിദ്യാര്‍ഥിയാണ്.
പത്മരാജന്റെ “പറന്നു പറന്നു പറന്ന്’ എന്ന ചിത്രത്തിലൂടെയായിരുന്നു അജിത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. രണ്ടു സിനിമകള്‍ സംവിധാനം ചെയ്ത ഇദ്ദേഹം മൂന്നാമത്തെ ചിത്രത്തിന്റെ ചര്‍ച്ചകളിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം 500ഓളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1987ല്‍ ഇറക്കിയ “അഗ്നിപ്രവേശം’ എന്ന ചിത്രത്തില്‍ നായകവേഷം ചെയ്തു. 2012ല്‍ ഇറങ്ങിയ “ഇവന്‍ അര്‍ധനാരി’യാണ് അവസാനമായി അഭിനയിച്ച ചിത്രം.
Next Story

RELATED STORIES

Share it