thrissur local

നടത്തറ ജങ്ഷന്‍ അപകട രഹിതമാക്കാന്‍ നടപടി

തൃശൂര്‍: ദേശീയപാത നടത്തറ ജംഗ്ഷന്‍ അപകടരഹിതമാക്കാന്‍ നടപടി വരുന്നു. ഏഴ് വര്‍ഷത്തിനിടെ നടത്തറ ജംഗഷനില്‍ മാത്രം അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്ക് ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് നടത്തറ ജംഗ്ഷനില്‍ പതിവായി നടക്കുന്നത്. ഏഴ് വര്‍ഷത്തിനിടെ 104 അപകടങ്ങളാണ് നടത്തറ ജംഗ്ഷനില്‍ മാത്രം നടന്നത്.
ഈ സാഹചര്യത്തിലാണ് നടത്തറ ജംഗ്ഷന്‍ അപകടരഹിതമാക്കാന്‍ ദേശീയപാത അതോറിറ്റിയും പോലിസും ചേര്‍ന്ന് പദ്ധതിയൊരുക്കുന്നത്. നടത്തറ ജംഗ്ഷനിലെ സിഗ്‌നല്‍ സംവിധാനം പ്രധാനമായും കുറ്റമറ്റതാക്കും. അപകടത്തെ തുടര്‍ന്ന് ഒരു മാസം മുമ്പ് നിലം പതിച്ച സിഗ്‌നല്‍ സംവിധാനം പുനഃസ്ഥാപിക്കും.
ഇതിന് പുറമേ നടത്തറ ജംഗ്ഷനില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ പോലിസിനെ നിയോഗിക്കും.
രാത്രിയെന്നോ പകലയെന്നോ ഭേദമില്ലാതെയാണ് നടത്തറ ബൈപാസ് ജംഗ്ഷനില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുത്. എറണാകുളം  പാലക്കാട് ഭാഗങ്ങളില്‍ വരുന്ന വാഹനങ്ങള്‍ നടത്തറ ജംഗ്ഷനിലെ സിഗ്‌നല്‍ സംവിധാനം ശ്രദ്ധിക്കാതെ അമിത വേഗതയില്‍ കടന്ന് പോകാന്‍ ശ്രമിക്കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്.
അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ജംഗ്ഷനിലെ സിഗ്‌നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെ ഇവയ്ക്ക് പുറകില്‍ വന്നിടിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ജംഗ്ഷനിലെ തെരുവ് വിളക്കുകള്‍ കത്താത്തതും , ചരക്ക് ലോറികളുടെ അനധികൃത പാര്‍ക്കിങ്ങും അപകടത്തിന് മറ്റൊരു കാരണമാകുന്നുണ്ട്. അതേസമയം നടത്തറ ജംഗ്ഷന് പുറമേ ദേശീയപാത കുഞ്ഞനംപാറ ജംഗ്ഷന്‍, മുളയം റോഡ് ജംഗ്ഷന്‍, എന്നിവിടങ്ങളിലും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി ദിശാ ബോര്‍ഡുകളും സ്പീഡ് ബ്രേക്കുകളും സ്ഥാപിക്കും. ഇതിന് പുറമേ ഒരോ നൂറ് മീറ്ററിലും ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Next Story

RELATED STORIES

Share it