wayanad local

നഞ്ചന്‍കോഡ്-നിലമ്പൂര്‍ റെയില്‍പ്പാത അട്ടിമറി: നാളെ വഞ്ചനാദിനം

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിക്കുന്ന കേരള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 24ന് വഞ്ചനാദിനമായി ആചരിക്കാന്‍ നീലഗിരി വയനാട് ദേശീയപാത ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഡിപിആര്‍ തയാറാക്കാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി രണ്ട് വര്‍ഷം തികയുന്ന ദിവസമാണ് ജൂണ്‍ 24. സര്‍വേയ്ക്ക് കര്‍ണാടകയുടെ അനുമതി ലഭിക്കാത്തതിനാലാണ് ഡിപിആര്‍ നടത്താന്‍ അനുവദിച്ച ഫണ്ട് ഡിഎംആര്‍സിക്ക് നല്‍കാത്തത് എന്നായിരുന്നു കേരളസര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. ഡിഎംആര്‍സിയെ ഡിപിആറും അന്തിമ സ്ഥലനിര്‍ണയ സര്‍വേയും ഏല്‍പ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ട് 24 ന് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്.
ഒരു വര്‍ഷം കൊണ്ട് ഡിപിആറും അഞ്ച് വര്‍ഷം കൊണ്ട് പാതയും പൂര്‍ത്തിയാക്കാമെന്ന് ഇ ശ്രീധരന്‍ ഉറപ്പു നല്‍കിയിരുന്നുവെന്നും ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
നിയമസഭയില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത ഒമ്പത് തവണ ചര്‍ച്ചക്ക് വന്നു. അപ്പോഴെല്ലാം റയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചത് കര്‍ണ്ണാടക ഈ റയില്‍പാതക്ക് എതിരാണെന്നും അനുമതി ലഭിച്ചാലുടന്‍ ഡിഎംആര്‍സിക്ക് ഫണ്ട് നല്‍കുമെന്നുമാണ്.
എന്നാല്‍ 2017 നവംബര്‍ 8ന് കര്‍ണ്ണാടക സര്‍ക്കാര്‍ വനത്തില്‍ ടണലിലൂടെ കടന്നുപോകുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ സര്‍വേയ്ക്ക് അപേക്ഷിക്കുന്നതിന് കര്‍ണ്ണാടകക്ക് സമ്മതമാണെന്ന് അറിയിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും മറ്റു സ്ഥാപനങ്ങളില്‍നിന്നും അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ കര്‍ണ്ണാടക നല്‍കാമെന്നും അതിനായി കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയോട് അപേക്ഷ നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള സര്‍ക്കാറിന് കത്തയച്ചു.  സര്‍വേ നടത്താന്‍ കേരളസര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും റയില്‍വേ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്ത ഏജന്‍സിയായ ഡിഎംആര്‍സി മുഖേനയാണ് അപേക്ഷ നല്‍കേണ്ടിയിരുന്നത്.
എന്നാല്‍ ഏഴ് മാസത്തോളം ഈ കത്ത് കേരളസര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ ഈ മാസം 11 ന് കര്‍ണ്ണാടക സര്‍ക്കാര്‍ അയച്ച കത്തുപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേരള റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തയും ഡിഎംആര്‍സിയെ പദ്ധതിയില്‍നിന്നും പുറത്താക്കിക്കൊണ്ടും കേരളസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.
ബന്ധപ്പെട്ട ഏജന്‍സി മുഖേന അപേക്ഷ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഏജന്‍സിയെത്തന്നെ പുറത്താക്കുന്ന വിചിത്ര നടപടിയാണ് കേരളസര്‍ക്കാര്‍ സ്വീകരിച്ചത്. അതോടൊപ്പംതന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും റയില്‍വേ മന്ത്രാലയത്തിന്റെയും കേരള-കര്‍ണ്ണാടക വനം വകുപ്പുകളുടേയും മുന്‍കൂര്‍ അനുമതി ലഭിച്ചെങ്കില്‍ മാത്രമേ ഡിപിആര്‍ നടത്താവൂവെന്നും റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാത അട്ടിമറിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണ് ഇതിനു പിന്നില്‍. യാതൊരു അനുമതിയും വാങ്ങാതെ തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കുവേണ്ടിയുള്ള ഡിപിആര്‍ തയാറാക്കാന്‍ കേരള സര്‍ക്കാര്‍ ഇതിനകം കൊങ്കണ്‍ റയില്‍വേയെ ഏല്‍പ്പിച്ചു.
റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഇതുവരെയും ഒരു റയില്‍പാതയുടേയും ഡിപിആര്‍ തയാറാക്കി പരിചയമില്ല. ഡിപിആര്‍ തയാറാക്കാന്‍ റയില്‍വേ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള ഏജന്‍സികളിലും റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഉള്‍പ്പെട്ടിട്ടില്ല.
കേന്ദ്ര-ഡല്‍ഹി സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിയാണ് ഡിപിആര്‍ തയാറാക്കാന്‍ ഇന്ത്യയില്‍ ഏറ്റവും ചെലവു കുറഞ്ഞതും വിശ്വസ്ഥവുമായ സ്ഥാപനമെന്നിരിക്കേ അവരെ ഒഴിവാക്കുന്നതിലൂടെ വന്‍ അഴിമതിക്കുകൂടി കളമൊരുങ്ങുകയാണ്. സര്‍വേയുടെ ഗണ്യമായ ഭാഗം ഡിഎംആര്‍സി ഇതിനകം പൂര്‍ത്തിയാക്കിയതാണ്.
അവര്‍ക്ക് നല്‍കേണ്ട ഫണ്ട് വിട്ടുനല്‍കിയാല്‍ ഏതാനും മാസംകൊണ്ടുതന്നെ ഡിപിആര്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാമെന്നിരിക്കേ ചില ലോബികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പാത അട്ടിമറിക്കാനുള്ള പിന്‍വാതില്‍ നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. കണ്‍വീനര്‍ ടിഎം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, പി വേണുഗോപാല്‍, പി വൈ മത്തായി, വി മോഹനന്‍, എം ഐ അസൈനാര്‍, സി അബ്ദുള്‍ റസാഖ്, മോഹന്‍ നവരംഗ്, ഫാ.ടോണി കോഴിമണ്ണില്‍, അനില്‍, ജോസ് കപ്യാര്‍മല, സി എച്ച് സുരേഷ്, നാസര്‍ കാസിം, സംഷാദ്, എല്‍ദോസ്, ജോയിച്ചന്‍ വര്‍ഗീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it