wayanad local

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാത: സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യം

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാതയുടെ സര്‍വേ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നു നീലഗിരി- വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കുമെന്നു മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു.
2014-15ലെ സംസ്ഥാന ബജറ്റില്‍ പാതയുടെ പ്രാരംഭനടപടികള്‍ക്കായി അനുവദിച്ച അഞ്ചു കോടി രൂപ ഡിഎംആര്‍സിക്ക് കൈമാറി സര്‍വേ തുടങ്ങാനുള്ള നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. ഉദേ്യാഗസ്ഥ തലത്തിലെ അനാസ്ഥ മൂലം ഈ ഫയല്‍ ഇതുവരെയും മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയിട്ടില്ല. ഈ പാതയുടെ പ്രാരംഭപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുമ്പുതന്നെ ഫണ്ടനുവദിച്ചതിനാല്‍ അതു വിനിയോഗിക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ അനുമതി ആവശ്യമില്ല.
സംസ്ഥാനങ്ങളുമായി പങ്കാളിത്ത പദ്ധതിയില്‍ പുതിയ പാതകള്‍ അനുവദിക്കുക എന്ന കേന്ദ്രനയത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രം സഹകരണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പുതിയ പാതയ്ക്ക് 50 ശതമാനം വിഹിതം നല്‍കാമെന്ന് ഉറപ്പുനല്‍കി കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടത് കേരളം മാത്രമാണ്. അതിനാല്‍ നിലമ്പൂര്‍- വയനാട്- നഞ്ചന്‍കോട് റെയില്‍പ്പാതയ്ക്ക് കേന്ദ്രം അതീവ പ്രാധാന്യമാണ് നല്‍കുന്നത്.
ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാവാതെ തന്നെ ഈ പാതയ്ക്ക് കേന്ദ്രം അനുമതി നല്‍കിയതും ഈ സാഹചര്യത്തിലാണ്. പാതയുടെ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്താനായി പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു ചെന്നൈയിലെ ദക്ഷിണ റെയില്‍വേ നിര്‍മാണവിഭാഗത്തിന് കഴിഞ്ഞ ദിവസം നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍, തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നു വീഴ്ചവന്നാല്‍ പാതയുടെ നിര്‍മാണം വീണ്ടും നീണ്ടുപോവും. 2014-15ലെ ബജറ്റില്‍ അനുവദിച്ച അഞ്ചു കോടി രൂപ ഉടന്‍ ഡിഎംആര്‍സിക്ക് കൈമാറിയില്ലെങ്കില്‍ ഈ തുക നഷ്ടപ്പെടുകയും ചെയ്യും.
അതിനാല്‍ അടിയന്തരമായി നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍പ്പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് നിര്‍ദേശം നല്‍കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുമായി ഭാരവാഹികള്‍ ചര്‍ച്ച നടത്തും. യോഗത്തില്‍ കണ്‍വീനര്‍ അഡ്വ. ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി വൈ മത്തായി, ഒ കെ മുഹമ്മദ്, എം എ അസൈനാര്‍, വി മോഹനന്‍, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗീസ്, നാസര്‍ കാസിം, മോഹനന്‍ നവരംഗ് സംസാരിച്ചു.
Next Story

RELATED STORIES

Share it