wayanad local

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്കാന്‍ വീണ്ടും ഊര്‍ജിത ശ്രമം

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്കാനുള്ള പിന്‍വാതില്‍ നീക്കങ്ങള്‍ വീണ്ടും ഊജിതമായതായി നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി. പാത അട്ടിമറിക്കുന്നതിനെതിരേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ ജനകീയ സമരങ്ങളെ തുടര്‍ന്ന് നഞ്ചന്‍കോട്-നിലമ്പൂര്‍ പാത നടപ്പാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും ഇതു മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഈ പാതയുടെ പ്രാരംഭപഠനം നടത്താന്‍ കേരളാ റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയതായാണ് മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചത്. ഡിഎംആര്‍സിയെ അന്തിമ സ്ഥലനിര്‍ണയ സര്‍വേയും വിശദമായ പദ്ധതിരേഖയും തയ്യാറാക്കാന്‍ ഏല്‍പ്പിച്ച പ്രവൃത്തിയുടെ പ്രാരംഭപഠനം വീണ്ടും റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനെ ഏല്‍പ്പിച്ചത് പദ്ധതി അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണ്. റെയില്‍വേ ബോര്‍ഡ് 2002ലും 2007ലും 2013ലും നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുടെ പ്രാരംഭപഠനവും സര്‍വേയും നടത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2016ലെ റെയില്‍വേ ബജറ്റില്‍ പാത അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഡോ. ഇ ശ്രീധരനും ഈ പാതയുടെ സാധ്യതാപഠനം നടത്തുകയും ദൂരം 234 കിലോമീറ്ററില്‍ നിന്ന് 166 കിലോമീറ്ററായി കുറയ്ക്കാമെന്നു റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണ് ഈ പാതയുടെ അന്തിമ സ്ഥലനിര്‍ണയ സര്‍വേയും പദ്ധതിരേഖയും തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയത്.
ആദ്യഗഡുവായി 2 കോടി രൂപ നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍, ചില ബാഹ്യശക്തികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പണം തടഞ്ഞുവച്ചിരിക്കുകയാണ്. അന്തിമ സ്ഥലനിര്‍ണയ സര്‍വേ നടത്താനും വിശദമായ പദ്ധതിരേഖ തയ്യാറാക്കാനും ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിക്കൊണ്ട് റെയില്‍വേ ബോര്‍ഡ് 2016 ജൂലൈ 25ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പാത സംബന്ധിച്ച് ഡോ. ഇ ശ്രീധരന്‍ കൃത്യമായ രൂപരേഖ തയ്യാറാക്കിയിട്ടുമുണ്ട്. തടഞ്ഞുവച്ച 2 കോടി രൂപ റിലീസ് ചെയ്തു നല്‍കിയാല്‍ ഏതാനും മാസംകൊണ്ട് സര്‍വേയും പദ്ധതിരേഖയും പൂര്‍ത്തിയാക്കാന്‍ ഡിഎംആര്‍സിക്ക് കഴിയും. റെയില്‍വേ ബജറ്റില്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാരിന്റെ സംയുക്ത സംരംഭ പദ്ധതിയിലും നിര്‍മാണം തുടങ്ങാനുള്ള പിങ്ക് ബുക്കിലും വരെ ഉള്‍പ്പെട്ട പാതയ്ക്കു വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പ്രാരംഭപഠനം നടത്തുന്നതു തുടര്‍പ്രവര്‍ത്തനങ്ങളെ പിന്നോട്ടാക്കും. ഈ പാതയ്ക്ക് ഇനി പ്രാരംഭപഠനത്തിന്റെ ആവശ്യമില്ല.
അതേസമയം, സാധ്യതാപഠനം നടത്തി നഷ്ടമാണെന്നു കണ്ടെത്തിയ തലശ്ശേരി-മൈസൂരു പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ 18 കോടി രൂപ ചെലവില്‍ കൊങ്കണ്‍ റെയില്‍വേയെ ഏല്‍പ്പിച്ചുകഴിഞ്ഞു. അതീവ രഹസ്യമായി കൊങ്കണ്‍ റെയില്‍വേ സര്‍വേ നടത്തുന്നുണ്ട്.  സംസ്ഥാന സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് സമീപനം ശരിയല്ല. അനുവദിച്ച 2 കോടി രൂപ ഉടന്‍ റിലീസ് ചെയ്തു നല്‍കി ഡിഎംആര്‍സി നടത്തുന്ന അന്തിമ സ്ഥലനിര്‍ണയ സര്‍വേയും വിശദമായ പദ്ധതിരേഖയും പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റി ശക്തമായ ജനകീയസമരങ്ങള്‍ സംഘടിപ്പിക്കും.
അഡ്വ. ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി വൈ മത്തായി, ഫാ. ടോണി കോഴിമണ്ണില്‍, വി മോഹനന്‍, അസൈനാര്‍, ഐസണ്‍ ജോസ്, ജോസ് കപ്യാര്‍മല, കെ കുഞ്ഞിരാമന്‍, എല്‍ദോ കുര്യാക്കോസ്, നാസര്‍ കാസിം, സംഷാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it