wayanad local

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍: താക്കീതായി ലോങ് മാര്‍ച്ച്; പങ്കെടുത്തതു നൂറുകണക്കിന് പേര്‍

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്കരുതെന്നും ഡിപിആര്‍ തയ്യാറാക്കാന്‍ ഡോ. ഇ ശ്രീധരനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലോങ് മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
സുല്‍ത്താന്‍ ബത്തേരി മുതല്‍ കല്‍പ്പറ്റ വരെ 26 കിലോമീറ്ററായിരുന്നു മാര്‍ച്ച്. രാവിലെ 8.30ന് സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ബിഷപ് ജോസഫ് മാര്‍ തോമസ്, എം എ മുഹമ്മദ് ജമാല്‍, കെ കെ വാസുദേവന്‍ എന്നിവര്‍ ചേര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ പി വൈ മത്തായിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ-മത-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരോടൊപ്പം മാര്‍ച്ചില്‍ അണിചേര്‍ന്നു.
10ഓടെ കൊളഗപ്പാറയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രഭാതഭക്ഷണം നല്‍കി. മീനങ്ങാടിയിലെ സ്വീകരണത്തില്‍ ബിഷപ് സക്കറിയാസ് പോളികാര്‍പോസ്, മുസ്തഫുല്‍ ഫൈസി സംസാരിച്ചു. മുന്‍ കേന്ദ്രമന്ത്രി പി സി തോമസ് യാത്രയിലുടനീളം സംബന്ധിച്ചു. കൈനാട്ടിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടി ബിഷപ് ഡോ. മാര്‍ ജോസ് പൊരുന്നേടം 3 കിലോമീറ്ററോളം ലോങ് മാര്‍ച്ചില്‍ പങ്കെടുത്തു. ഏഴു മണിക്കൂര്‍ സമയമെടുത്താണ് മാര്‍ച്ച് പൂര്‍ത്തിയായത്. സമാപന സമ്മേളനം വി മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. എം ഐ ഷാനവാസ് എംപി അധ്യക്ഷത വഹിച്ചു.
പി വി അബ്ദുല്‍ വഹാബ് എംപി മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എന്‍ ഡി അപ്പച്ചന്‍, സജി ശങ്കര്‍, പി പി എ കരീം, കെ എല്‍ പൗലോസ്, മൈസൂര്‍ സുവര്‍ണ കന്നട കേരളാ സമാജം പ്രസിഡന്റ് ഡോ. അനില്‍ തോമസ് സംസാരിച്ചു. അഡ്വ. ടി എം റഷീദ്, പി വൈ മത്തായി, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, എം എ അസൈനാര്‍, ഷംസാദ്, പി സി മോഹനന്‍, ജേക്കബ്, ജോസ് കപ്യാര്‍മല, നാസര്‍ കാസിം, ഡോ. ലക്ഷ്മണന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം, എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ്, കേരളാ കോണ്‍ഗ്രസ് (പി സി തോമസ്), ആം ആദ്മി പാര്‍ട്ടി, കെഎസ്‌യു, ശ്രേയസ്, മലങ്കര സിറിയന്‍ യൂത്ത് മൂവ്‌മെന്റ്, വ്യാപാരി വ്യവസായി യൂത്ത് വിങ്, ജേസീസ്, ലയണ്‍സ് ക്ലബ്ബ്, കര്‍ഷകസംഘം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it