wayanad local

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത: നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

സുല്‍ത്താന്‍ ബത്തേരി: നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പ്പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ നടപടികള്‍ വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി നീലഗിരി- വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍വേ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചത്. സുല്‍ത്താന്‍ ബത്തേരി യുഡിഎഫ് കണ്‍വന്‍ഷനിലും മുഖ്യമന്ത്രി നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പ്പാതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം എടുത്തുപറയുകയും സര്‍വേ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനമെടുത്ത വിവരം പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തിന് ഇനി ഏറ്റവും അത്യാവശ്യമുള്ള വികസന പദ്ധതിയായതുകൊണ്ടാണ് ചെലവിന്റെ പകുതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവുമായി ഒപ്പിട്ട ധാരണ പ്രകാരം ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ നടത്തേണ്ടതുണ്ട്. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നതിനാലാണ് ഡിഎംആര്‍സിയെത്തന്നെ പ്രവൃത്തി ഏല്‍പ്പിക്കുന്നത്.
2014-15ലെ ബജറ്റില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പ്പാതയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു കോടി രൂപ ടോക്കണായി വകയിരുത്തിയിരുന്നു. 2016-17ലെ ബജറ്റിലും ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാതയ്ക്ക് അനുമതി നല്‍കി. തുടര്‍നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു ദക്ഷിണ റെയില്‍വേ നിര്‍മാണ വിഭാഗത്തിന് നിര്‍ദേശം ലഭിച്ചിട്ടുമുണ്ട്.
ആയതിനാല്‍ സര്‍വേ ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ അനുമതി ആവശ്യമില്ല. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, എം എ അസൈനാര്‍, അഡ്വ. പി വേണുഗോപാല്‍, പി വൈ മത്തായി, ജോസ് കപ്യാര്‍മല, ഡോ. തോമസ് മാത്യു മോടിശ്ശേരി, നാസര്‍ കാസിം, സംഷാദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it