wayanad local

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാത: ഡോ. ഇ ശ്രീധരന്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പ്പാതയുടെ തുടര്‍നടപടികള്‍ സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ ഏകാംഗ കമ്മീഷനും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവുമായ ഡോ. ഇ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
ഇതിന്റെ പകര്‍പ്പ് നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിക്കും അദ്ദേഹം അയച്ചുനല്‍കി. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാത ബജറ്റിതര ഫണ്ടിങ് വിഭാഗത്തിലാണ് അനുവദിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. 6,000 കോടി രൂപ ചെലവു വരുന്ന പദ്ധതി സതേണ്‍ റെയില്‍വേ സോണില്‍നിന്നു മാറ്റി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേക്കാണ് നല്‍കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണ പ്രകാരം പദ്ധതിക്കു വേണ്ടി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കേണ്ടതുണ്ട്. ആദ്യ സര്‍വേ പ്രകാരം 236 കിലോമീറ്ററാണ് പാതയുടെ ദൂരമെങ്കിലും ഇതു 166 കിലോമീറ്ററായി കുറയ്ക്കാമെന്നു ഇ ശ്രീധരന്‍ അറിയിച്ചു. പാത വൈദ്യുതീകരണമടക്കം മൊത്തം ചെലവ് 3,500 കോടി രൂപയേ വരൂ. ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ പാത വൈദ്യുതീകരിക്കുന്നതിനാല്‍ നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് പാതയും വൈദ്യുതീകരിച്ചാണ് നിര്‍മിക്കേണ്ടത്. പാതയ്ക്കു സ്വകാര്യ മൂലധനവും കണ്ടെത്തേണ്ടതിനാല്‍ അന്തിമ ലൊക്കേഷന്‍ സര്‍വേയെ അടിസ്ഥാനമാക്കി വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കണം. അതിനാല്‍ ആദ്യഘട്ടം ഫൈനല്‍ ലൊക്കേഷന്‍ സര്‍വേയാണ്. അതിന് എട്ടു കോടി രൂപ ചെലവ് വരും.
ബജറ്റില്‍ പണമനുവദിക്കുകയോ സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയോ ചെയ്താലേ റെയില്‍വേ നേരിട്ട് ഈ സര്‍വേ നടത്തൂ. എന്നാല്‍, ഡിഎംആര്‍സി, റൈറ്റ്‌സ്, റെയില്‍ വികാസ് നിഗം എന്നീ സ്ഥാപനങ്ങള്‍ ഈ സര്‍വേ നടത്താന്‍ അധികാരപ്പെട്ടവരാണ്. പാതയുടെ 63 കിലോമീറ്റര്‍ കര്‍ണാടകയിലും 12 കിലോമീറ്റര്‍ തമിഴ്‌നാട്ടിലും ബാക്കി കേരളത്തിലൂടെയുമാണ് കടന്നുപോവുന്നത്. അതിനാല്‍ കര്‍ണാടക സര്‍ക്കാരിനെയും സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ ഭാഗമാക്കണം. റെയില്‍വേ ബജറ്റില്‍ തുക അനുവദിച്ചിട്ടില്ലാത്തതിനാല്‍ സര്‍വേ തുടങ്ങിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കണം. മേല്‍പ്പറഞ്ഞ മൂന്നു സ്ഥാപനങ്ങളെ ഏതിനെയെങ്കിലും സര്‍വേ നടത്താന്‍ ചുമതലപ്പെടുത്താം.
സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ ഡിഎംആര്‍സി അന്തിമ ലൊക്കേഷന്‍ സര്‍വേ നടത്താന്‍ തയ്യാറാണ്. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍വേയുടെ സര്‍വേ നടത്തിയ മാതൃകയില്‍ ഈ സര്‍വേയും നടത്തും. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയാണെങ്കില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാന്‍ കാത്തുനില്‍ക്കാതെ തന്നെ ഡിഎംആര്‍സി സര്‍വേ നടപടികള്‍ തുടങ്ങും.
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുമായി സഹകരിച്ച് എട്ടു മുതല്‍ ഒമ്പതു മാസത്തിനകം ഡിഎംആര്‍സിക്ക് സര്‍വേ പൂര്‍ത്തിയാക്കി വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാനാവും.
ഡോ. ഇ ശ്രീധരന്റെ നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി സര്‍വേ നടപടികള്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നു മന്ത്രി ഉറപ്പുനല്‍കി. എം ഐ ഷാനവാസ് എംപി, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ എന്നിവരുമായും ആക്ഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തി. ഇ ശ്രീധരന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് എംപിയും എംഎല്‍എയും ഉറപ്പുനല്‍കി. മന്ത്രിയും ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി എം റഷീദ്, അഡ്വ. പി വേണുഗോപാല്‍, പി പി അബ്ദുല്‍ ഖാദര്‍, എം എ അസൈനാര്‍, പി വൈ മത്തായി, നാസര്‍ കാസിം പങ്കെടുത്തു.
Next Story

RELATED STORIES

Share it