നജ്‌റാനില്‍ സ്‌ഫോടനം നടത്തിയ ആളെ തിരിച്ചറിഞ്ഞു

ജിദ്ദ: നജ്‌റാനില്‍ ദഹ്ദ സ്ട്രീറ്റിലുള്ള പള്ളിയില്‍ സ്‌ഫോടനം നടത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു. സഅദ് സഈദ് അല്‍ഹാരിഥി എന്ന 35കാരനായ സൗദി പൗരനാണ് ബെല്‍റ്റ് ബോംബണിഞ്ഞ് സ്‌ഫോടനം നടത്തിയതെന്നു സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞു ജനങ്ങള്‍ പുറത്തിറങ്ങുന്നതിനിടെ അക്രമി പള്ളിയിലേക്കു കയറി പൊട്ടിത്തെറിക്കുകയായിരുന്നു.
നമസ്‌കരിക്കാനെത്തിയ രണ്ടു പേര്‍ മരിക്കുകയും 25 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. ഒരാളുടെ മരണമായിരുന്നു നേരത്തേ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നത്. പരിക്കേറ്റ ഒരാള്‍ കൂടി മരണപ്പെട്ടതായി പിന്നീട് മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവര്‍ നജ്‌റാന്‍ ആശുപത്രിയിലാണു ചികില്‍സയിലുള്ളത്. നിരവധി പേര്‍ രക്തം നല്‍കുന്നതിന് ആശുപത്രിയിലെത്തി.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. അബു ഇസ്ഹാഖ് അല്‍ ഹിജാസിയാണ് സ്‌ഫോടനം നടത്തിയതെന്ന് സോഷ്യല്‍ മീഡിയ വഴി ഐഎസ് അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നജ്‌റാനില്‍ മറവുചെയ്തു.
Next Story

RELATED STORIES

Share it