Flash News

നജീബിന്റെ തിരോധാനം : സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി



ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഡല്‍ഹി ഹൈക്കോടതി സിബിഐക്ക് കൈമാറി. 20 പേര്‍ വരുന്ന എബിവിപി സംഘത്തിന്റെ ആക്രമണത്തിന് ഇരയായതിനുശേഷം 2016 ഒക്ടോബര്‍ 15നാണ് നജീബ് അഹ്മദിനെ കാണാതായത്. നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് സിബിഐക്ക് കൈമാറി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജി എസ് സിസ്താനി, രേഖ പാള്ളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഡിഐജി റാങ്കില്‍ കുറയാത്തവര്‍ ഉണ്ടായിരിക്കണമെന്നും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.     കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് ഡല്‍ഹി പോലിസ് കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും കോടതിയില്‍ ഹാജരാക്കണമെന്നും പോലിസിന് നിര്‍ദേശം നല്‍കി. ജൂലൈ 17ന് കേസ് വീണ്ടും പരിഗണിക്കും.കഴിഞ്ഞ നവംബറില്‍ നജീബ് അഹ്മദിന്റെ മാതാവും കുടുംബാംഗങ്ങളും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കണ്ടിരുന്നു. തുടര്‍ന്ന് ഡല്‍ഹി പോലിസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.നവംബര്‍ 12ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ കേസ് സിബിഐക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it