നജീബിന്റെ തിരോധാനം: രേഖകള്‍ കാണാതായി

ന്യൂഡല്‍ഹി: കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിനെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ നിന്ന് അപ്രത്യക്ഷമായി. നജീബ് അഹ്മദ് ഭീകര സംഘടനയില്‍ ചേര്‍ന്നതായി വാര്‍ത്ത നല്‍കിയ ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ, ആജ് തക്, ഇന്ത്യാ ടുഡേ എന്നീ മാധ്യമങ്ങള്‍, എബിവിപി നേതാവ് സൗരബ് ശര്‍മ എന്നിവര്‍ക്കെതിരേയാണു നജീബിന്റെ ഉമ്മ മാനനഷ്ടക്കേസ് നല്‍കിയത്.
പട്യാലാ ഹൗസ് കോടതിയിലെ മെട്രൊ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് രജിസ്ട്രി അംബികാ സിങില്‍ നിന്നാണ് രേഖകള്‍ അപ്രത്യക്ഷമായതെന്നു നാഷനല്‍ ഹെറാള്‍ഡ് റിപോര്‍ട്ട്‌ചെയ്തു. രണ്ടു കോടിയിലേറെ രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഹൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക് മുഖേന നല്‍കിയ ഹരജിയിലെ ആവശ്യം.
കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണു രേഖകള്‍ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. കേസില്‍ മൊഴി രേഖപ്പെടുത്താനായി വെള്ളിയാഴ്ച ഫാത്തിമ നഫീസയോട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതു പ്രകാരം കോടതിയിലെത്തിയ ഫാത്തിമയോട് കേസ് രേഖകള്‍ ലഭ്യമല്ലെന്നും അതിനാല്‍ കേസ് നീട്ടിവയ്ക്കുകയാണെന്നും കോടതി അറിയിച്ചു. ഡിസംബര്‍ 15നാണ് കേസ് ഇനി പരിഗണിക്കുക.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് ടൈംസ് ഓഫ് ഇന്ത്യയാണ് ആദ്യമായി നജീബിനെതിരേ വാര്‍ത്ത നല്‍കിയത്. തന്റെ ലാപ്‌ടോപ്പില്‍ നജീബ് പതിവായി തീവ്രവാദ വീഡിയോകള്‍ കാണാറുണ്ടെന്നും ഐഎസില്‍ എങ്ങനെയാണ് ചേരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചിരുന്നതായും രാജ്യാന്തര ഭീകര സംഘടനയില്‍ ചേര്‍ന്നുവെന്നുമാണു ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തത്.
പിന്നാലെ മറ്റു മാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നു. സംഘപരിവാര സംഘടനകള്‍ ഇതിനു സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരം നല്‍കുകയും ചെയ്തു. ഇതിനെതിരേ ഈ വര്‍ഷം മെയിലാണ് ഫാത്തിമാ നഫീസ ഹരജി നല്‍കിയത്.

Next Story

RELATED STORIES

Share it