ernakulam local

നജാത്ത് നഗര്‍ നിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

കളമശ്ശേരി: മേജര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പുതുതായി നിര്‍മിക്കുന്ന കാന പരിസരത്തുള്ളവര്‍ക്ക്  ഭീഷണിയാകുമെന്ന് നജാത്ത് നഗര്‍ റെസിഡന്‍സ്  അസോസിയേഷന്‍. നിലവില്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ കാന മുട്ടാര്‍ പുഴയിലേക്കാണ് ഒഴുകുന്നത്. ഇതില്‍ ചെറിയ ഒരു കാന മാത്രമാണ് റെയിവേ ലൈനിനടിയിലൂടെ നജാത്ത് നഗറിലേക്ക് ഒഴുകുന്നത്. എന്നാല്‍ പുതിയ കാന ഇതേ കാനയുമായി ബന്ധിപ്പിച്ചാല്‍ നജാത്ത് നഗറിലേക്ക് ഒഴുക്ക് വര്‍ധിക്കും. പുതുതായി നിര്‍മാണം നടക്കുന്ന കാന ഒരാള്‍ പൊക്കത്തിലാണ്. എന്നാല്‍ നജാത്ത് നഗറിലുള്ള കാനക്ക് ഒരടി കഷ്ടിച്ചേ ആഴമുള്ളു. റെയിവേ ലൈനിനു സമീപത്തു കാനയില്ല. ഇവിടം വെറും മണ്ണിലൂടെ ഒരു ചാല്‍ മാത്രമേ ഉള്ളു. ഇതിലൂടെ ഒഴുകി വേണം മലിന ജലവും മഴവെള്ളവുമൊക്കെ നഗരസഭയുടെ കാനയിലെത്താന്‍. ഇപ്പോഴുള്ള കാന പോലും മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞു ഒഴുകുകയും സമീപ വീടുകളില്‍ വെള്ളം കയറുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ പുതിയ കാന കൂടി ആകുമ്പോള്‍ മറ്റു വീടുകളിലും വെള്ളം കയറാനുള്ള സാധ്യത വര്‍ധിക്കും. ഇപ്പോഴുള്ള കാനയിലൂടെയുള്ള മലിന ജലം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നതിനിടയിലാണ് പുതിയ കാനയുടെ നിര്‍മാണം. ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ കമ്പനികളില്‍ നിന്നും രാസമാലിന്യവും ഭക്ഷണ മാലിന്യവുമടക്കം നിരവധി മാലിന്യങ്ങളാണ് ഇത് വഴി ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കുന്നത്. ഇത് മൂലം ഈ പരിസരത്തെ കിണറുകള്‍ എല്ലാം ഉപയോഗശൂന്യമായി. പലപ്രാവശ്യം പരാതിപ്പെട്ടിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ഉചിതമായ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്നും ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ മാലിന്യങ്ങള്‍ ജനവാസകേന്ദ്രത്തിലേക്കു ഒഴുക്കാതിരിക്കാനുമുള്ള നടപടി കൈക്കൊള്ളണമെന്ന് കാണിച്ചു നജാത്ത് നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ നഗരസഭക്ക് പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കു അനൂകുല നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോപവുമായി മുന്നോട്ടു പോകുമെന്ന് നജാത്ത് നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റഫീഖ് മരക്കാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it