ernakulam local

നങ്ങേലില്‍ ആയുര്‍വേദ കോളജില്‍ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ടു

കോതമംഗലം: നങ്ങേലില്‍ ആയുര്‍വേദകോളജില്‍ ഹൗസ് സര്‍ജ്ജന്മാര്‍ സമരം പുനരാരംഭിച്ചു. ഇക്കഴിഞ്ഞ 11നായിരുന്നു ഹൗസ് സര്‍ജ്ജന്മാര്‍ക്ക് സര്‍ക്കാര്‍ കോളജുകളില്‍ നല്‍കിവരുന്ന സ്‌റ്റൈപ്പെന്റിന് ആനുപാതികമായി സ്‌റ്റൈപ്പന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നങ്ങേലില്‍ ആയുര്‍വേദ കോളജില്‍ ഹൗസ് സര്‍ജ്ജന്മാര്‍ സമരം ആരംഭിച്ചത്.
സ്വകാര്യ ആയുര്‍വേദ കോളജുകളിലും ഹൗസ് സര്‍ജ്ജന്മാര്‍ക്ക് സര്‍ക്കാര്‍ കോളജുകളില്‍ നല്‍കിവരുന്ന സ്‌റ്റൈപ്പന്റ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് മാനേജ്‌മെന്റ് നടപ്പാക്കാന്‍ തയ്യാറാവാതെവന്നതായിരുന്നു സമരത്തിന് കളമൊരുക്കിയത്. ഹൗസ് സര്‍ജ്ജന്മാരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് വിദ്യാര്‍ഥികളും രംഗത്തെത്തിയതോടെ സമരം മൂര്‍ഛിക്കുകയായിരുന്നു.
ഇതോടെ സമരത്തെ നേരിടുന്നതിന്റെ ഭാഗമായി മാനേജ്‌മെന്റ് അധികൃതര്‍ കോളജ് ഹോസ്റ്റല്‍ അടച്ചു. എന്നാല്‍ സമരം അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ ഹൗസ് സര്‍ജ്ജന്മാരുടെ സംഘടന തീരുമാനിച്ചതോടെ ചര്‍ച്ചയാവാമെന്ന് മാനേജ്‌മെന്റ് നിലപാടെടുക്കുകയും കഴിഞ്ഞ ദിവസം സമരം പിന്‍വലിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ചര്‍ച്ചയാവാമെന്നായിരുന്നു മാനേജ്‌മെന്റ് പറഞ്ഞിരുന്നതെന്ന് ഹൗസ് സര്‍ജ്ജന്മാരുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ തിങ്കളാഴ്ച ചര്‍ച്ച നടക്കാതെവന്നതോടെ ഇന്നലെ സമരം പുനരാരംഭിക്കുകയായിരുന്നു.
ഇന്നലെ സമരത്തിലേര്‍പ്പെട്ട പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ടതായും പോലിസെത്തിയാണ് മോചിപ്പിച്ചതെന്നും പിടിഎ പ്രസിഡന്റ് മാനേജ്‌മെന്റിനോടോപ്പം ചേര്‍ന്ന് സമരക്കാരെ വഞ്ചിക്കുകയാണെന്നും ഹൗസ് സര്‍ജ്ജന്മാരുടെ സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it