നഗ്‌നപാദനായി ശശിയേട്ടന്‍ നിയമസഭയുടെ അകത്തളത്തിലേക്ക്

ജംഷീര്‍ കൂളിവയല്‍

കല്‍പ്പറ്റ: കാലത്തെഴുന്നേറ്റ് തൊഴുത്തിലെത്തി പശുവിനെ കുളിപ്പിച്ച് പാല്‍ കറന്ന് നേരെ ക്ഷീര സഹകരണ സംഘത്തിലേക്കും ചായക്കടയിലേക്കും പാല്‍പ്പാത്രവുമേന്തി നഗ്‌നപാദനായി എത്തുന്ന സി കെ ശശീന്ദ്രന്‍ എന്നും ഇടവഴിയില്‍ കണ്ടുമുട്ടാറുള്ള സഖാവാണ് ക ല്‍പ്പറ്റക്കാര്‍ക്ക്.
അധികാരം അതിസമ്പന്നതയുടെ അലങ്കാരമായി മാറുമ്പോള്‍ ചെരിപ്പ് ധരിക്കാതിരിക്കുക എന്നതും ശശിയേട്ടന് രാഷ്ട്രീയമാണ്. പ്രത്യയശാസ്ത്രം തന്നെയാണ് പ്രവര്‍ത്തനപഥമെന്ന് ജീവിതം കൊണ്ട് തെളിയിച്ച സി കെ ശശീന്ദ്രനെ യുഡിഎഫിന്റെ കോട്ടയായ കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്ന് വോട്ടര്‍മാര്‍ തിരഞ്ഞെടുത്തത് ചരിത്രം തിരുത്തിയെഴുതിയാണ്. കോണ്‍ഗ്രസ്സിന്റെയും മുസ്‌ലിം ലീഗിന്റെയും ശക്തി കേന്ദ്രങ്ങളില്‍ നിന്നു സി കെ ശശീന്ദ്രന് വോട്ടൊഴുകിയതിലുള്ള കാരണവും മറ്റൊന്നായിരുന്നില്ല. മണ്ണിന്റെയും മനുഷ്യന്റെയും രാഷ്ട്രീയം പേറുന്നയാളെ നിയമസഭയിലേക്കെത്തിക്കണമെന്ന വോട്ടര്‍മാരുടെ തീരുമാനമായിരുന്നു. ജില്ല രൂപീകൃതമായതിന് ശേഷം രണ്ടു തവണ മാത്രം എല്‍ഡിഎഫ് നേരിയ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തി ല്‍ നിന്ന് 13083 വോട്ടിന്റെ ഭൂരിപക്ഷം സി കെ ശശീന്ദ്രന് നേടിക്കൊടുത്തത് കക്ഷി രാഷ്ട്രീയത്തിനപ്പുറം കറകളഞ്ഞ കമ്യൂണിസ്റ്റിനോടുള്ള ഐക്യപ്പെടലായിരുന്നു. പിന്നാക്ക ഗോത്രവിഭാഗങ്ങളുടെ അവകാശപോരാട്ടത്തില്‍ അവരിലൊരാളായി മാറി.
ആദിവാസികളെ സംഘടിപ്പിച്ച് അന്തിയുറങ്ങാന്‍ ഭൂമി വേണമെന്ന ആവശ്യവുമായി കുടില്‍കെട്ടി സമരമാരംഭിച്ചത് ഇടതുഭരണ കാലത്തായിരുന്നു. കറകളഞ്ഞ വ്യക്തിശുദ്ധിയും ആശയങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് അദ്ദേഹത്തെ എതിരാളികള്‍ക്ക് പോലും പ്രിയങ്കരനാക്കുന്നത്.
സംഘാടകനായും പ്രക്ഷോഭകാരിയായും എവിടെയും നഗ്‌നപാദനായി ഓടിയെത്തുന്ന ശശീന്ദ്രന് കക്ഷിരാഷ്ട്രീയഭേദമന്യേയുള്ള പൊതുസമ്മതിയാണ് വോട്ടായി മാറിയത്. 2009ല്‍ പനമരത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് വര്‍ഷമായി പാര്‍ട്ടിയുടെ ജില്ലയിലെ അമരക്കാരനാണ്.
Next Story

RELATED STORIES

Share it