malappuram local

നഗര സൗന്ദര്യവല്‍ക്കരണം അടുത്തമാസം തുടങ്ങും

മലപ്പുറം: മലപ്പുറത്തിന്റെ മൊഞ്ച് കൂട്ടാനായി നഗര സൗന്ദര്യവല്‍ക്കരണം ആഗസ്ത് ആദ്യ വാരം തുടങ്ങും. സ്‌പോണ്‍സര്‍ഷിപ്പോടുകൂടി ജില്ലാ ആസ്ഥാന നഗരിയെ സുന്ദരിയാക്കാനാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. നിലവിലുള്ള ബസ് വെയിറ്റിങ് ഷെഡുകള്‍ മാറ്റുന്നതടക്കം ഇരുപതോളം ആധുനിക ബസ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും.
പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ വൈ-ഫൈ, കുടിവെള്ളം, മൊബൈല്‍ റിച്ചാര്‍ജ് സംവിധാനങ്ങളുണ്ടാവും. വിനോദത്തിനായി ടെലിവിഷനുകളും സ്ഥാപിക്കും. കോട്ടപ്പടി മെയിന്‍ റോഡ്, തിരൂര്‍ റോഡ്, കുന്നുമ്മല്‍ ടൗണ്‍, കുന്നുമ്മല്‍ ഡിവൈഡര്‍ എന്നിവിടങ്ങളില്‍ അലങ്കാര വിളക്കുകള്‍ ഉയരും. കണ്ണായ സ്ഥലങ്ങളില്‍ പുല്ല് പിടിപ്പിച്ച് നഗരത്തെ മനോഹരമാക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ൈവദ്യുതിയടക്കമുള്ള എല്ലാ ചിലവുകളും സ്‌പോണ്‍മാര്‍ വഹിക്കും. നഗരസഭയുടെ  അതിര്‍ത്തികളായ മൈലപ്പുറം, കാരാത്തോട്, മേല്‍മുറി പിലാക്കല്‍, കട്ടുങ്ങല്‍, കാവുങ്ങല്‍ എന്നിവിടങ്ങളില്‍ മനോഹരമായ സ്വാഗത കവാടം ഒരുക്കും. കോട്ടപ്പടിയിലെ ബസ് ബേ ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിക്കും. നഗരസഭയ്ക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാത്ത പദ്ധതിയാണിതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല പറഞ്ഞു.  ആഗസ്ത് ആദ്യവാരം പ്രവര്‍ത്തനം തുടങ്ങും. പോലിസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ സഹകരണം തേടും. പദ്ധതി പ്രദേശങ്ങള്‍ ചെയര്‍പേഴ്‌സണിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എ സലീം എന്ന ബാപ്പുട്ടി, മറിയുമ്മ ശരീഫ്, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, സലീന റസാഖ്, നഗരസഭാ സെക്രട്ടറി എന്‍ കെ കൃഷ്ണകുമാര്‍ തടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it