നഗര-ഗ്രാമാസൂത്രണ ബില്ല് സബ്ജക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നഗര-ഗ്രാമപ്രദേശങ്ങളുടെ ആസൂത്രിത വികസനം പ്രോല്‍സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ബില്ല് നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ച തടസ്സപ്പെട്ടു.
വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് നഗര-ഗ്രാമാസൂത്രണ ബോര്‍ഡ് രൂപീകരണം വ്യവസ്ഥ ചെയ്യുന്നതാണ് 2015ലെ കേരള നഗര-ഗ്രാമാസൂത്രണ ബില്ല്. മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ പഞ്ചായത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വൈസ് ചെയര്‍പേഴ്‌സന്‍ ആയിരിക്കും. സംസ്ഥാനത്തെ തദ്ദേശ വകുപ്പിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ബോര്‍ഡിന്റെ എക്‌സ് ഒഫിഷ്യോ മെമ്പര്‍ സെക്രട്ടറിയും ചീഫ് ടൗണ്‍ പ്ലാനര്‍ ജോയിന്റ് സെക്രട്ടറിയുമായിരിക്കും. റെയില്‍വേ, സിവില്‍ ഏവിയേഷന്‍, ഷിപ്പിങ്, പ്രതിരോധം, ഗതാഗതം, വാര്‍ത്താവിനിമയം, പരിസ്ഥിതി-നഗര-ഗ്രാമവികസനം മുതലായ കേന്ദ്രമന്ത്രാലയങ്ങളുടെ ചുമതലയുള്ളവര്‍ യോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും. ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും ഭൂമി, വികസനത്തിനായി ആസൂത്രണം ചെയ്യുന്നത് സംബന്ധിച്ച നയരൂപീകരണവിഷയങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കുക ബോര്‍ഡിന്റെ പ്രധാന കര്‍ത്തവ്യമാണെന്ന് ബില്ല് അനുശാസിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ട പ്രത്യേക വീക്ഷണ പദ്ധതി തയാറാക്കേണ്ടതും ഇതേ ബോര്‍ഡാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് വകുപ്പുകളുടെയും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുക, 20 വര്‍ഷത്തെ വികസനം മുന്‍നിര്‍ത്തിയുള്ള പ്ലാന്‍ തയ്യാറാക്കുക, അടിസ്ഥാനസൗകര്യവികസനം, ഭൗതികവും പ്രകൃതിദത്തവുമായ വിഭവങ്ങളുടെ ഉപയോഗസാധ്യതകളും അവയുടെ വിനിയോഗവും, പ്രകൃതിദുരന്ത സാധ്യതാ പ്രദേശങ്ങള്‍, പാരിസ്ഥിതികവും ആവാസവ്യവസ്ഥാപരമായും ദുര്‍ബലമായ പ്രദേശങ്ങള്‍, ദേശീയ സംസ്ഥാനതലത്തിലുള്ള പൈതൃകസമ്പത്ത് പ്രദേശങ്ങള്‍ എന്നിവയുടെ സംരക്ഷണം, വ്യാപാര-വാണിജ്യ-വ്യവസായ വികസനം നടപ്പിലാക്കുന്നതിനുള്ള ധനവിഭവ സമാഹരണം എന്നിവയെല്ലാം ഈ ബോര്‍ഡിന്റെ ചുമതലകളാണ്.
സംസ്ഥാനത്തിന്റെ പഞ്ചവല്‍സരപദ്ധതിയുമായി യോജിച്ചു നടപ്പാക്കുന്ന രീതിയിലാവണം വീക്ഷണപദ്ധതി തയ്യാറാക്കേണ്ടത്. മെട്രോപൊളിറ്റന്‍ പ്രദേശങ്ങളുടെ വികസനത്തിനായും പ്രത്യേക വികസന അതോറിറ്റികള്‍ രൂപീകരിക്കും. നഗര പാരിസ്ഥിതിക രൂപകല്‍പനയുടെ സൗന്ദര്യാത്മകമായ ഗുണനിലവാരം പരിപാലിക്കുന്നതിനു വേണ്ടി കേരള അര്‍ബന്‍ ആര്‍ട്ട് കമ്മീഷന്‍ രൂപീകരിക്കുമെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികേന്ദ്രീകൃതാസൂത്രണത്തില്‍ കൈ കടത്താന്‍ പുതിയ നിയമം അനുവദിക്കുന്നില്ലെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ബില്ല് വ്യാഴാഴ്ച സഭയില്‍ ചര്‍ച്ചയ്ക്കു വരും.
Next Story

RELATED STORIES

Share it