palakkad local

നഗരസഭ വോട്ടര്‍പട്ടികയില്‍നിന്ന് വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയതായി ആരോപണം

പാലക്കാട്: പാലക്കാട് നഗരസഭയില്‍ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെന്ന് ആരോപിച്ച് സിപിഎം നേതൃത്വത്തില്‍ നഗരസഭാ ഓഫിസ് ഉപരോധിച്ചു. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ജനറല്‍ സൂപ്രണ്ട് വി എ സുള്‍ഫീക്കറെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മുപ്പതാംവാര്‍ഡ് വെസ്റ്റ് യാക്കരയിലെ വോട്ടര്‍ പട്ടികയില്‍നിന്ന് 16 വോട്ടര്‍മാരെയാണ് കൂട്ടത്തോടെ ഒഴിവാക്കിയിരിക്കുന്നത്. അന്തിമവോട്ടര്‍പട്ടികയി ല്‍ പേരുള്ള ഇവരെ സപ്ലിമെന്ററി ലിസ്റ്റില്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, 37-ാംനമ്പര്‍ കള്ളിക്കാട് വാര്‍ഡില്‍ ഒരു പേരുകാരനെ 67തവണ ഒഴിവാക്കിയിട്ടുണ്ട്. നീക്കം ചെയ്യപ്പെട്ടവരുടെ പട്ടികയില്‍പ്പെട്ടവര്‍ക്ക് വോട്ടവകാശം ലഭിക്കാന്‍ സാധ്യതയില്ല.

നാല്‍പ്പത് വര്‍ഷത്തിലേറെയായി വോട്ടു ചെയ്യുന്നവരുണ്ട് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍. ഇവരാരുംതന്നെ പേര് ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിട്ടില്ല. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമീഷനും കലക്ടര്‍ക്കും പരാതി നല്‍കി. 30ാംവാര്‍ഡില്‍ മാത്രമല്ല മറ്റ് പല വാര്‍ഡുകളിലും ഇതേ പ്രശ്‌നമുണ്ട്. ഭരണസ്വാധീനമുപയോഗിച്ച് സിപിഎം പ്രവര്‍ത്തകരുടേതുള്‍പ്പെടെയുള്ള വോട്ടുകള്‍ വെട്ടിമാറ്റുകയാണ് ചെയ്തിരിക്കുന്നതെന്ന് നഗരസഭയിലെ സിപിഎം പാര്‍ലമെന്ററി പാര്‍ടി നേതാവ് എ കുമാരി പറയുന്നു. വിഷയത്തില്‍ നിയമപരവും സാങ്കേതികവുമായ വശങ്ങള്‍ പരിശോധിച്ച് ശനിയാഴ്ച വൈകീട്ട് മൂന്നിനകം മറുപടി നല്‍കാമെന്ന ഇലക്ഷന്‍ കമ്മീഷന്റെ ഉറപ്പിനെത്തുടര്‍ന്ന് വൈകിട്ട് അഞ്ചോടെ ഉപരോധം അവസാനിപ്പിച്ചു. അതേസമയം യുഡിഎഫ് രാഷ്ട്രീയംകളിച്ച് തങ്ങളുടെ അനുഭാവികളെ പട്ടികയില്‍നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് ബിജെപിപ്രവര്‍ത്തകരും ഉപരോധിച്ചു.ഒമ്പതാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി കണ്ണന്റെ പേരുതന്നെ വാര്‍ഡിലെ വോട്ടര്‍പട്ടികയിലില്ല.
Next Story

RELATED STORIES

Share it