Idukki local

നഗരസഭ ബജറ്റ് നിര്‍ദേശം മറികടന്ന് അങ്കണവാടിക്ക് ധനസഹായം : കൗണ്‍സിലില്‍ ബഹളം; തീരുമാനം ഉപേക്ഷിച്ചു



തൊടുപുഴ: ബജറ്റ് നിര്‍ദേശം മറികടന്ന് അങ്കണവാടിക്ക് ധനസഹായം നല്‍കാനുള്ള നീക്കം മുനിസിപ്പല്‍ കൗണ്‍സിലില്‍ ബഹളത്തിനിടയാക്കി.തുടര്‍ന്ന് മുനിസിപ്പാലിറ്റി ആ നീക്കം  ഉപേക്ഷിച്ചുപുതുതായി നാല് അങ്കണവാടികള്‍ നിര്‍മിക്കാനുള്ള ബജറ്റ് നിര്‍ദേശപ്രകാരം നീക്കിവെച്ച ഫണ്ട് വെട്ടിക്കുറച്ച് മറ്റൊന്നിന് കൂടി തുക അനുവദിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്.ഈ നീക്കത്തിനെതിരെ പ്രതിഷേധിച്ച എല്‍ഡിഎഫ് അംഗം ആര്‍ ഹരി  വിയോജിപ്പ്അറിയിച്ച് കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. തന്റെ വാര്‍ഡിലെ അങ്കണവാടിക്ക് ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ലീഗ് പിന്തുണയോടെ വിജയിച്ച ഒമ്പതാം വാര്‍ഡംഗം ജെസി ജോണിയും ഇറങ്ങിപ്പോയി. ചര്‍ച്ചകള്‍ക്കൊടുവില്‍ ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള നീക്കം കൗണ്‍സില്‍ യോഗം ഉപേക്ഷിച്ചു. 2017-18 വാര്‍ഷിക പദ്ധതി അന്തിമമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൗണ്‍സിലില്‍ അവതരിപ്പിക്കുന്നതിനിടയിലായിരുന്നു  ബഹളവും ഇറങ്ങിപ്പോക്കും. മുനിസിപ്പാലിറ്റിക്ക് വിട്ടുകിട്ടിയ നാലിടങ്ങളില്‍ പുതുതായി അങ്കണവാടികള്‍ നിര്‍മിക്കാന്‍ പത്തു ലക്ഷം രൂപ വീതം ആകെ 40 ലക്ഷമാണ് ബജറ്റില്‍ നീക്കിവെച്ചിരുന്നത്. എട്ട്, 29, 30, 32 വാര്‍ഡുകളിലാണിത്. ഈ തുകയുടെ ഒരു വിഹിതം തന്റെ വാര്‍ഡില്‍ അങ്കണവാടി നിര്‍മിക്കാന്‍ അനുവദിക്കണമെന്ന ജെസി ജോണിയുടെ ആവശ്യമാണ് തര്‍ക്കത്തിന് വഴിവെച്ചത്. ഒമ്പതാം വാര്‍ഡില്‍ അങ്കണവാടിനിര്‍മിക്കാന്‍ അഞ്ചുവര്‍ഷം മുന്‍പ് പണം അനുവദിച്ചിരുന്നു.വനിതാ സേവാകേന്ദ്രം എന്ന പേരിലാണ് അന്ന് അനുവദിച്ചത്. എന്നാല്‍, ഇതിനു വേണ്ടി കണ്ടെത്തിയ സ്ഥലം അനുയോജ്യമായിരുന്നില്ല. കെട്ടിടത്തിന് തറ തീര്‍ത്തെങ്കിലും വഴി സൗകര്യമടക്കം ഇല്ലാത്തതിനാല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിയോജനക്കുറിപ്പ് എഴുതിയതോടെയാണ് പുതുതായി അങ്കണവാടികള്‍ക്കായി നീക്കി വെച്ച ഫണ്ടില്‍ കൗണ്‍സിലര്‍ നോട്ടമിട്ടത്. ഇതിന് മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും പിന്തുണയുമുണ്ടായി. അങ്കണവാടിക്ക് എതിരെ റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച ജെസി ജോണി കൗണ്‍സിലിന്റെ  നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഇതിനിടെയാണ് മറ്റ് അങ്കണവാടികളുടെ തുക വെട്ടിക്കുറച്ച് ഫണ്ട് അനുവദിക്കാമെന്ന് ഭരണപക്ഷത്ത് നിന്നും അഭിപ്രായം ഉയര്‍ന്നത്. ഇതോടെയാണ് 29-ാം വാര്‍ഡ് കൗണ്‍സിസലര്‍ ആര്‍ ഹരി പ്രതിഷേധിച്ചത്. ഫണ്ട് വെട്ടിക്കുറച്ചാല്‍ ഒരു അങ്കണവാടിയും പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയുണ്ടാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൂര്‍ത്തിയാക്കാനാവാത്ത ഒരു പദ്ധതിയും ഏറ്റെടുക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ആര്‍ ഹരി ഇറങ്ങിപ്പോയി. പിന്നീട്നടന്ന ചര്‍ച്ചയില്‍ കോളനികള്‍ക്ക് സുരക്ഷാഭിത്തി കെട്ടാ ന്‍ ലക്ഷ്യമിട്ടുള്ള 10 ലക്ഷത്തിന്റെ പദ്ധതി ഉപേക്ഷിക്കാനും അതില്‍ നിന്നുംഏഴ് ലക്ഷം ഒമ്പതാം വാര്‍ഡിലെ അങ്കണവാടിക്കും മൂന്ന് ലക്ഷം രൂപ കീരികോട് വാര്‍ഡിലെ വനിതാ സേവാകേന്ദ്രത്തിനും വിനിയോഗിക്കാന്‍ തീരുമാനിച്ചു. ഈ ഭേദഗതികളോടെ പദ്ധതികള്‍ അംഗീകരിച്ചു. സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് മൂന്ന് അങ്കണവാടി നിര്‍മിക്കാന്‍ ഏഴു ലക്ഷം വീതം ആകെ 21 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍, അന്ന് പണം മുഴുവനും ഉപയോഗിച്ച് കുമ്മംകല്ല് വാര്‍ഡില്‍ അങ്കണവാടി മാത്രം നിര്‍മിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it