kozhikode local

നഗരസഭ പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നു

വടകര: സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നു. താഴെഅഅങ്ങാടിയിലെ മുഖച്ചേരി ഭാഗത്ത് പ്രവര്‍ത്തിച്ച് വരുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ഇതോടെ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഏറെ ആശ്വാസമാവുകയാണ്. 2010 ലായിരുന്നു ഇൗ സെന്റര്‍ പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്.
എന്‍ആര്‍എച്ച്എമ്മിന്റെ 16 ലക്ഷം രൂപ ചിലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള പ്രവൃത്തികള്‍ക്കായി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തീരദേശവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യ രംഗത്തെ ആശ്രയ കേന്ദ്രമായി ഇത് മാറും. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതോടെ എല്ലാ ദിവസവും മൂന്ന് ഡോക്ടര്‍മാരുടെ സേവനം രാവിലെ മുതല്‍ വൈകിട്ട് വരെ ലഭിക്കും. കൂടാതെ നാല് സ്റ്റാഫ് നഴ്‌സ്, ലബോറട്ടറി, ഫാര്‍മസി, ലാബ് ടെക്‌നീഷ്യന്‍, കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവയുണ്ടാകും.
എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ചാണ് ഒപിയിലെത്തുന്ന രോഗികള്‍ക്കാവശ്യമായ കാത്തിരിപ്പ് കേന്ദ്രവും കാബിനുകളും സ്ഥാപിച്ചത്. എല്ലാ ദിവസവും രാവിലെ ഒമ്പുതു മുതല്‍ വൈകിട്ട് ആറു വരെയും, ഞായറാഴ്ചകളില്‍ പകല്‍ ഒന്നരവരെയും ഒപി പ്രവര്‍ത്തിക്കും. കിടത്തി ചികിത്സ ലഭ്യമല്ലെങ്കിലും രോഗികള്‍ക്കാവശ്യമായ നീരീക്ഷണ സൗകര്യം ഉണ്ടായിരിക്കും. നിലവില്‍ ദിവസവും ഇരുനൂറും അതിന് മുകളിലും പേര്‍ ഇവിടെ ചികിത്സക്ക് എത്തുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതോടെ ചികിത്സക്ക് എത്തുന്നവരുടെ എണ്ണം കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്. രോഗികള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ നഗരസഭയുടെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഒരുക്കുന്നത്.
മാത്രമല്ല ഒരു ഡോക്ടര്‍, ഒരു നഴ്‌സ് എന്നിവരുടെ ശമ്പളവും നഗരസഭയാണ് വഹിക്കേണ്ടത്. നഗരസഭയിലെ മൂന്നിലൊരുഭാഗം ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന താഴെഅങ്ങാടിയിലെ പൊതുജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാര കേന്ദ്രമാണ് മുഖച്ചേരി ഭാഗത്തെ ഹെല്‍ത്ത് സെന്റര്‍. അഴിത്തല, പുറങ്കര, കൊയിലാണ്ടിവളപ്പ്, കബ്‌റുംപുറം, മുഖച്ചേരി ഭാഗം, കുരിയാടി, പാക്കയില്‍, മുക്കോലഭാഗം, വലിയവളപ്പ് എന്നീ പ്രദേശവാസികള്‍ ആശ്രയിച്ച് വരുന്ന കേന്ദ്രമാണിത്.
മുമ്പ് വലിയവളപ്പ് പ്രദേശത്ത് മറ്റൊരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഉണ്ടായിരുന്നുങ്കിലും ഡോക്ടറെയും, മറ്റു സ്റ്റാഫിനെയും നിയമിക്കാതായതോടെ ഇത് പൂട്ടിയിട്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ചെറിയ പനി വന്നാല്‍ പോലും മുഖച്ചേരി ഭാഗം ഹെല്‍ത്ത് സെന്റര്‍ ഒഴിച്ചാല്‍ ജില്ലാ ആശുപത്രി, മറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യമാണ് താഴെഅങ്ങാടി നിവാസികള്‍ക്കുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് 9 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിക്കും. ചടങ്ങില്‍ സികെ നാണു എംഎല്‍എ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it