Pathanamthitta local

നഗരസഭ പരിപാടിയില്‍ പങ്കെടുക്കാനായത് സ്പീക്കറുടെ ഇടപെടലിലെന്ന് എംഎല്‍എ



പത്തനംതിട്ട: നഗരസഭ സ്റ്റേഡിയത്തില്‍ ഇന്നലെ പവലിയന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായത് നിയമസഭ സ്പീക്കറുടെ ഓഫിസില്‍ നിന്നുള്ള സമയോചിതമായ ഇടപെടലിനേ തുടര്‍ന്നാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ. സ്റ്റേഡിയം പവലിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തിറങ്ങിയ നോട്ടീസില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ വിവരം അറിഞ്ഞ് നഗസസഭ സെക്രട്ടറിയെ വിളിച്ചപ്പോള്‍ നോട്ടീസ് തയാറാക്കിയത് താനല്ലെന്നായിരുന്നു മറുപടി. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ ഒരു പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ സ്ഥലം എംഎല്‍എയായ തന്നെ അവഗണിച്ചതിനെതിരേ തുടര്‍ന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍ക്കും അവകാശ ലംഘനം ചൂണ്ടിക്കാട്ടി നിയമസഭ സ്പീക്കര്‍ക്കും പരാതി നല്‍കുകയായിരുന്നു. പ്രോട്ടോക്കോള്‍ ഓഫീസര്‍ ജില്ലാ കലക്ടറെ ബന്ധപ്പെടുകയും ഇരുവരും നഗരസഭ സെക്രട്ടറിയില്‍ നിന്നു വിശദീകരണം ആരായുകയും ചെയ്തു. സ്പീക്കറുടെ ഓഫീസ് ഇടപെട്ടതിനേ തുടര്‍ന്ന് പ്രോഗ്രാം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് തിങ്കളാഴ്ച വൈകീട്ട് തന്റെ ഓഫിസിലെത്തി ക്ഷണിക്കുകയുമുണ്ടായി. തെറ്റ്് തിരുത്തുന്നതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചതിനേ തുടര്‍ന്ന് പവലിയന്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള എല്‍ഡിഎഫ് തീരുമാനവും പിന്‍വലിച്ചത്. നഗരസഭ ഭരണ നേതൃത്വം വികസനവിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നതായി എംഎല്‍എ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it