palakkad local

നഗരസഭ നിഷ്‌ക്രിയം : പട്ടാമ്പിക്ക് കുടിവെള്ളം നല്‍കി ഡിവൈഎഫ്‌ഐ



പട്ടാമ്പി: ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാതെ കൈയൊഴിഞ്ഞ നഗരസഭ നോക്കുകുത്തിയായി നില്‍ക്കെ ജനങ്ങളുടെ ദാഹമകറ്റുന്നത് ഡിവൈഎഫ്‌ഐ.  ചളിയും പായലും കലര്‍ന്ന പച്ചനിറമുള്ള വെള്ളം പമ്പുചെയ്ത് വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍ പ്പെടുത്തിയതോടെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് ഒരാഴ്ചയിലധികമായി മാറിനില്‍ക്കുകയാണ് പട്ടാമ്പി നഗരസഭ. ഇവിടെ കുടിവെള്ളം നല്‍കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാപ്പകല്‍ അത്യധ്വാനം ചെയ്യുന്നു. ആറുദിവസമായി പട്ടാമ്പി പട്ടണത്തില്‍ കുടിവെള്ളമെത്തിക്കുന്നത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഒരു മാസമായി കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ് പട്ടാമ്പി. നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് വരാന്‍പോകുന്നതെന്ന അധികൃതരുടെ മുന്നറിയിപ്പുണ്ടായിട്ടും വരള്‍ച്ചയെ പ്രതിരോധിക്കാനായുള്ള ഒരു നടപടിയും നഗരസഭ കൈക്കൊണ്ടില്ല. തൊട്ടടുത്ത പഞ്ചായത്തുകളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പൊതുകിണറുകളും കുളങ്ങളും നവീകരിക്കുകയും നിരവധി ഓപ്പണ്‍ കിണറുകള്‍ നിര്‍മിക്കുകയുമുണ്ടായി. എന്നാല്‍ ദീര്‍ഘവീക്ഷണമില്ലാത്ത പട്ടാമ്പി നഗരസഭയിലെ ഭരണക്കാര്‍ ഭാരതപ്പുഴയിലെ രണ്ട് കുടിവെള്ള പദ്ധതികളിലൂടെ മാത്രം പട്ടാമ്പിക്കാര്‍ക്ക് പൂര്‍ണമായി കുടിവെള്ളം നല്‍കാമെന്ന് സ്വപ്‌നംകണ്ടു. ഇതാണ് കുടിവെള്ള പ്രതിസന്ധിക്ക് കാരണമായത്. നഗരസഭയില്‍ ആകെയുള്ള അമ്പതോളം ചെറുകിട കുടിവെള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നത് പത്തെണ്ണം മാത്രം. മറ്റു പദ്ധതികളില്‍ സ്ഥാപിച്ചിരുന്ന മോട്ടോറുകള്‍ റിപ്പയറിനെന്നു പറഞ്ഞ് നഗരസഭ എടുത്തു കൊണ്ടുപോയി തിരികെ എത്തിച്ചില്ല. ഭാരതപ്പുഴയില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഒരു മാസമായി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പമ്പിങ് നിര്‍ത്തിവച്ചു. പട്ടാമ്പി നഗരത്തിലും സമീപ പ്രദേശമായ പന്തയ്ക്കല്‍, ലിബര്‍ട്ടി എന്നിവിടങ്ങളിലും കുടിവെള്ളം വിതരണം ചെയ്തിരുന്ന പദ്ധതി കൂടി ഏപ്രില്‍ 28 ന് നിര്‍ത്തിവച്ചതോടെ നഗരസഭയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. നഗരസഭാസമിതി യോഗത്തില്‍ സിപി എം കൗണ്‍സിലര്‍മാര്‍ നഗരസഭയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചു. കുടിവെള്ള വിതരണത്തില്‍ നഗരസഭ പൂര്‍ണപരാജയമായതോടെ ജനങ്ങള്‍ ദുരിതത്തിലായി. വലിയ വില നല്‍കി കുടിവെള്ളം വാങ്ങേണ്ടിവന്നു. ഒരു ടാങ്ക് വെള്ളത്തിന് 750 രൂപ വരെയാണ് കച്ചവടക്കാര്‍ വാങ്ങുന്നത്. അതിരാവിലെ ആരംഭിക്കുന്ന കുടിവെള്ള വിതരണം പൂര്‍ത്തിയാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീടുകളിലേക്ക് മടങ്ങുന്നത് രാത്രി ഏറെ വൈകിയാണ്.
Next Story

RELATED STORIES

Share it