kasaragod local

നഗരസഭ കെട്ടിടനമ്പര്‍ നല്‍കിയില്ല ; വൈദ്യുതീകരണം മുടങ്ങി: ഗവ. കോളജ് വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തനരഹിതം

കാസര്‍കോട്: കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞെങ്കിലും നഗരസഭ ഉടക്ക് കാരണം കാസര്‍കോട് ഗവ. കോളജ് വനിതാ ഹോസ്റ്റല്‍ തുറന്ന് പ്രവര്‍ത്തിക്കാനാവുന്നില്ല. നഗരസഭയുടെ കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാലാണ് വൈദ്യൂതീകരണമടക്കമുള്ള പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുന്നത്.
ഇതുകാരണം ഹോസ്റ്റല്‍ തുറന്നു കൊടുക്കാനായില്ല. ശോചനീയവസ്ഥയില്‍ കിടക്കുന്ന പഴയ കെട്ടിടത്തിലാണ് ഇപ്പോള്‍ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചുവരുന്നത്. പണിപൂര്‍ത്തിയായതോടെ പുതിയ കെട്ടിടത്തിലേക്ക് ഉടന്‍ മാറ്റുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ഥിനികള്‍ കാത്തിരിക്കുമ്പോഴാണ് കെട്ടിട നമ്പര്‍ ഇല്ലാത്തതിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത്.
1.80 കോടി രൂപ ചിലവിട്ട് പണിത ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മാണ ചുതല പിഡബ്ല്യുഡി വകുപ്പിനാണ്. ആയതിനാല്‍ കെട്ടിടം സംബന്ധിച്ച് എല്ലാ ജോലിയും തീര്‍ന്നിട്ടുവേണം കോളജിന് കൈമാറാന്‍. എന്നാല്‍ കെട്ടിട നമ്പര്‍ വാങ്ങാതെയാണ് ധൃതിയില്‍ ഉദ്ഘാടനം നടത്തിയത്. കെട്ടിട നമ്പറിനായ് കോളജ് പ്രിന്‍സിപ്പല്‍ നഗരസഭയെ സമീപിച്ചപ്പോഴാണ് പൊതുമരാമത്ത് വകുപ്പിനാണ് അപേക്ഷ നല്‍കാനുള്ള അധികാരമെന്ന കാര്യം അറിയിച്ചത്.
എന്നാല്‍ ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ വേണ്ട വിധത്തിലുള്ള വിശദീകരണം നല്‍കാന്‍ എന്‍ജിനിയര്‍ക്കായില്ല. ഓണ്‍ലൈന്‍ വഴിയാണ് കെട്ടിട നമ്പറിനായി അപേക്ഷ നല്‍കേണ്ടതെന്നാണ് പിഡബ്ല്യൂഡി വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്ന് അപേക്ഷ നല്‍കുമെന്ന കാര്യത്തില്‍ വ്യക്തമായി സൂചനയും തരാന്‍ അധികൃതര്‍ തയ്യാറാകുന്നുമില്ല.
32 മുറികളുള്ള കെട്ടിടത്തില്‍ 80 വിദ്യാര്‍ഥിനികളെ പാര്‍പിക്കാനുള്ള സൗകര്യമുണ്ട്. ഒരുകോടി രൂപ സംസ്ഥാന സര്‍ക്കാരും 80 ലക്ഷം യുജിസി ഗ്രാന്റും ലഭിച്ചാണ് നിര്‍മാണമാരംഭിച്ചത്. തിരഞ്ഞെടുപ്പിന്റെ മറവിലാണ് അപേക്ഷ വൈകിപ്പിക്കുന്നതെന്ന് ആരോപണവും ശക്തമാണ്. അതേസമയം ആണ്‍കുട്ടികളുടെ ഹോസ്റ്റലും പണി പൂര്‍ത്തിയായിവരികയാണ്.
Next Story

RELATED STORIES

Share it