ernakulam local

നഗരസഭ കണ്ടെത്തിയത് 20 കൈയേറ്റങ്ങള്‍

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയില്‍ നഗരസഭ കണ്ടെത്തിയ ഇരുപതോളം വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇനിയും നടപടിയായില്ല. 2012 ല്‍ കൈയേറ്റങ്ങള്‍ ഒഴിയണമെന്ന് കാണിച്ച് അന്നത്തെ നഗരസഭ ഫോര്‍ട്ട്‌കൊച്ചി മേഖല അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഒഴിപ്പിക്കല്‍ മാത്രം നടന്നില്ല. അതേസമയം ഫോര്‍ട്ട്‌കൊച്ചിയിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കല്‍ നിര്‍ബാധം തുടരുകയും ചെയ്തു. ഇരുപതോളം കൈയേറ്റങ്ങളാണ് നഗരസഭ കണ്ടെത്തിയത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലേണിങ് സെന്റര്‍, ഫോര്‍ട്ട് ഹെറിറ്റേജ് ഹോട്ടല്‍, ഹോളിഡേ ഹോം, ഫാബ് ഇന്ത്യ, ദി മ്യൂസിയം കമ്പനി, മലബാര്‍ ഹൗസ്, ആര്‍ക്കീസ് ഹോട്ടല്‍, ഹെറിറ്റേജ് സ്‌ക്വയര്‍, റോസിറ്റ വുഡ് കാസില്‍, എക്‌സ്എല്‍ ബാര്‍, ഫോര്‍ട്ട് കാസില്‍, ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടല്‍, വാസ്‌ക്കോഡ ഗാമ ഇന്‍, ഡി ലിപ്‌സ് മാംഗോ ട്രീ, പാരഡൈസ്, ഷാലോം, ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, കോട്ടജ് ആര്‍ട്ട് എംപോറിയം, ഓള്‍ഡ് കോര്‍ട്ട് യാര്‍ഡ് എന്നീ സ്ഥാപനങ്ങളാണ് റോഡ് കൈയേറിയതായി നഗരസഭ കണ്ടെത്തിയത്. ചെറുകിട കച്ചവടക്കാരുടെ പരാതിയെ തുടര്‍ന്നാണ് അന്ന് നഗരസഭ കൈയേറ്റങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നുവെങ്കിലും ഉന്നതങ്ങളിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതിനിടയില്‍ വഴിയോര കച്ചവടക്കാരെ പല തവണ വന്‍ സന്നാഹത്തോടെ ഒഴിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവുകയും ചെയ്തു. ഒരു തവണ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അന്നത്തെ റവന്യൂ അധികൃതര്‍ ശ്രമിച്ചെങ്കിലും ഇടപെടലുകളെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന വേളകളില്‍ വന്‍കിട കൈയേറ്റങ്ങള്‍ സംബന്ധിച്ച പരാതി ഉയര്‍ന്നു വരുമെങ്കിലും അതൊന്നും കണ്ടഭാവം അധികൃതര്‍ കാണിക്കാറില്ല. റോഡ് കൈയേറിയുള്ള നിര്‍മാണങ്ങള്‍ അധികൃതരുടെ കണ്‍മുന്നില്‍ നടക്കുമ്പോഴും ഇതിനെതിരേ നടപടിയെടുക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it