ernakulam local

നഗരസഭാ യോഗത്തില്‍ കൂട്ടത്തല്ല്

ആലുവ: ആലുവ നഗരസഭ കൗണ്‍സില്‍ യോഗത്തിലുണ്ടായ കൂട്ടത്തല്ലില്‍ 8 പേര്‍ക്ക് പരിക്കേറ്റു. വൈസ് ചെയര്‍പേഴ്‌സണും പ്രതിപക്ഷ നേതാവും മുന്‍ ചെയര്‍മാനടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.
കോണ്‍ഗ്രസില്‍ നിന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ സി ഓമന, മുന്‍ നഗരസഭ ചെയര്‍മാന്‍ എം റ്റി ജേക്കബ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടിമ്മി ടീച്ചര്‍, കൗണ്‍സിലര്‍ ലളിത ഗണേഷ്, എല്‍ഡിഎഫില്‍ നിന്നും പ്രതിപക്ഷനേതാവ് രാജീവ് സക്കറിയ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലോലിത ശിവദാസ്, കൗണ്‍സിലര്‍മാരായ അഡ്വ. മനോജ് ജി കൃഷ്ണന്‍, ശ്യം പത്മനാഭന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ 22 വിഷയങ്ങളാണ് ചര്‍ച്ചയ്ക്കുണ്ടായത്. ഇതില്‍ 15-ാം ഇനം ചര്‍ച്ചയ്‌ക്കെടുത്തപ്പോഴാണ് തര്‍ക്കം ആരംഭിച്ചത്. ഫെബ്രുവരി 19, 25, 29, മാര്‍ച്ച് 2, 21, 26, ഏപ്രില്‍ 2, മെയ് 2 തിയ്യതികളിലെ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി തീരുമാനങ്ങള്‍ മിനിറ്റ്‌സ് ചെയ്യാന്‍ ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ തിയ്യതികളിലെ തീരുമാനങ്ങളെന്തെന്ന് അറിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തീരുമാനം അറിയിച്ചശേഷം അടുത്ത യോഗത്തില്‍ മിനിറ്റ്‌സ് ചെയ്യാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനിടെയായിരുന്നു ബഹളം ആരംഭിച്ചത്. കൗണ്‍സിലില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പ് പ്രശ്‌നംമൂലം ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ പ്രതിപക്ഷത്തിനാണ് മുന്‍തൂക്കം. ഇതുമൂലം ഭരണപക്ഷത്തിന് ബജറ്റ് അവതരിപ്പിക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല. സ്റ്റാന്റിങ് കമ്മിറ്റിയിലെ ഭരണപക്ഷത്തിലെ ഭൂരിപക്ഷമില്ലായ്മ മൂലം നിര്‍ണായകമായ ഏതൊരു തീരുമാനവും കൈക്കൊള്ളണമെങ്കില്‍ കൗണ്‍സിലിന്റെ പ്രത്യേക അംഗീകാരം ആവശ്യമാണ്.
ഇതിനിടയിലാണ് ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി തീരുമാനങ്ങള്‍ മിനിറ്റ്‌സ് ചെയ്യാനുള്ള നീക്കം നടന്നത്.
ഇതിനെ പ്രതിപക്ഷാംഗങ്ങള്‍ എതിര്‍ക്കുകയായിരുന്നു. വിവിധ തിയ്യതികളിലെ ധനബില്ലുകള്‍ ആവശ്യമായ വിശദീകരണങ്ങളില്ലാതെ മിനിറ്റ്‌സ് ചെയ്യുവാനായിരുന്നു ഭരണപക്ഷത്തിന്റെ ശ്രമം. ഇതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം ആരംഭിച്ചത്. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനായി വോട്ടിങ് നടത്തുവാനും ഒരുങ്ങിയെങ്കിലും ഇതിനിടയില്‍ തര്‍ക്കം കൈയ്യാങ്കളിയിലെത്തുകയും പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.
നഗരസഭയിലെ കൂട്ടത്തല്ല് വാര്‍ത്ത അറിഞ്ഞതോടെ നിരവധി നാട്ടുകാരടക്കം നഗരസഭ ഓഫിസിന് മുന്‍പില്‍ തടിച്ചുകൂടി.
പൊലിസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗം കൗണ്‍സിലര്‍മാരെയും ആശുപത്രിയിലെത്തിച്ചത്. നിയമപരമായ നടപടിക്രമങ്ങള്‍ നടപ്പാക്കിയ തങ്ങളെ മനഃപ്പൂര്‍വം കൈയേറ്റം ചെയ്യുകയായിരുന്നെന്ന് ഭരണപക്ഷവും തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
പരിക്കേറ്റ ഭരണകക്ഷി അംഗങ്ങളെ കാരോത്തുകുഴി ആശുപത്രിയിലും പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ആലുവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികള്‍ ആലുവ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ ആലുവ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it