Pathanamthitta local

നഗരസഭാ പരിധിക്കുള്ളിലെ പൈപ്പ് പൊട്ടല്‍ ; കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം വിജിലന്‍സ് അന്വേഷിക്കണം: കേരളാ കോണ്‍ഗ്രസ് (എം)



പത്തനംതിട്ട: നഗരപരിധിക്കുള്ളില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാവുന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് നഗരസഭയിലെ കേരളാ കോണ്‍ഗ്രസ്(എം) പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശുദ്ധജലവിതരണത്തിനായി നഗരത്തിലൂടെ സ്ഥാപിച്ചിട്ടുള്ള പൈപ്പ് പമ്പിങിനിടെ പൊട്ടുന്നത് സ്ഥിരം സംഭവമാവുകയാണ്. വെള്ളം പമ്പ് ചെയ്യുമ്പോഴുണ്ടാവുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൈപ്പ് പൊട്ടുകയും തുടര്‍ന്ന് റോഡ് തകരുന്നതും കാരണം നഗരവാസികള്‍ ഏറെ ബുദ്ധിമുട്ടിലാണ്. പൈപ്പ് പൊട്ടുന്നതിലൂടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം തടസ്സപ്പെടുന്നു. റോഡിന്റെ തകര്‍ച്ച പത്തനംതിട്ട നഗരത്തിലെത്തുന്നവരെ സാരമായി ബാധിക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നഗരപ്രദേശത്ത് അടിക്കടി പൈപ്പ് പൊട്ടുകയാണ്. ഇതുമായി ബന്ധപ്പെട്ട് ജലഅതോറിറ്റി ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞാലും നിര്‍വാഹമില്ലാത്ത സ്ഥിതിയാണെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് പറഞ്ഞു. പൈപ്പ് പൊട്ടുന്നതുമായി ബന്ധപ്പെട്ട് ദുരൂഹതകളേറുകയാണ്. അധിക സമ്മര്‍ദ്ദത്തില്‍ ജലം തുറന്നുവിട്ട് പൈപ്പ് പൊട്ടിക്കുകയാണെന്ന സംശയംപോലും ഉണ്ടായിരിക്കുന്നു. ഒരുമാസമായി ഒരേസ്ഥാനത്തുതന്നെ പൈപ്പ് പൊട്ടുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കരാറുകാര്‍ക്ക് ജോലി കുറയുമ്പോള്‍ പൈപ്പ് പൊട്ടുന്നതാണ് കണ്ടുവരുന്നത്.  നഗരമധ്യത്തില്‍ പൈപ്പ് പൊട്ടുന്നതോടെ റോഡിന്റെ തകര്‍ച്ചയും യാത്രക്കാരെ ബാധിക്കുന്നു. 37 കോടി രൂപ ചെലവഴിച്ച് ഉന്നതനിലയില്‍ ബിഎംബിസി ടാറിങ് പൂര്‍ത്തിയായ ടികെ റോഡ് സ്ഥിരമായി തകര്‍ന്നു കൊണ്ടിരിക്കുന്നു. പൈപ്പ് പൊട്ടി ജലം പാഴാവുന്നതോടെ നഗരപ്രദേശത്തു പലയിടങ്ങളിലും ജലവിതരണം തടസ്സപ്പെടുന്നു. തൈക്കാട് ഭാഗത്ത് ഒരുമാസമായി കുടിവെള്ളം കിട്ടുന്നില്ല. നാട്ടുകാര്‍ പരാതി പറഞ്ഞ് മടുത്തിട്ടും ഫലമില്ലാഞ്ഞതിനെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയത്. എന്നിട്ടും ഫലമില്ലാത്ത അവസ്ഥയായതിനാലാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാന്‍ തയ്യാറായത്. റോഡില്‍ കുഴികള്‍ രൂപപ്പെടുന്നതോടെ വാഹനയാത്രക്കാര്‍ ബുദ്ധിമുട്ടിലായി. പത്തനംതിട്ട ജനറല്‍ ആശുപത്രിപ്പടിയില്‍ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നതുമൂലം യാത്രക്കാര്‍ ദുരിതത്തിലാണ്. പൊതുമരാമത്ത്-ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്പരം പഴിചാരി പണികള്‍ തടസ്സപ്പെടുത്തുകയാണ്. ജലഅതോറിറ്റി കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് വൈസ് ചെയര്‍മാനും കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാരും കുറ്റപ്പെടുത്തി. കൗണ്‍സിലര്‍മാരായ ദീപു ഉമ്മന്‍, ബിജിമോള്‍ മാത്യു, ഷൈനി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it