palakkad local

നഗരസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് വ്യാജരേഖ ഉണ്ടാക്കിയെന്ന് ബിജെപി

പാലക്കാട്: പാലക്കാട് നഗരസഭാ സ്ഥിരംസമിതി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വ്യാജരേഖ ഉണ്ടാക്കിയതായി ബിജെപി ആരോപിച്ചു.
നഗരസഭയിലെ രണ്ട് സ്ഥിരംസമിതികളിലേക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം യുഡിഎഫ് നല്‍കിയ വിപ്പ് വ്യാജമായി നിര്‍മിച്ചതാണെന്നു ബിജെപി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മെയ് 31ന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യുവാന്‍ ഡിസിസി പ്രസിഡന്റ് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ളവര്‍ സിപിഎം സ്ഥ ാനാര്‍ഥിക്കാണു വോട്ട് ചെയ്തത്. കൂറുമാറ്റ നിയമപ്രകാരം യുഡിഎഫ് കൗണ്‍സിലര്‍മാരുടെ അംഗത്വം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ഇതുമനസിലാക്കി മെയ് 31 തിയതിവെച്ച് സിപിഎമ്മിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു വിപ്പ് യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജൂണ്‍ ആറിന് നഗരസഭാ സെക്രട്ടറിക്കു നല്‍കി. ഇതു സെക്രട്ടറിയുടെ കുറിപ്പില്‍ വ്യക്തമാണ്.
ഫലപ്രഖ്യാപനം ഉള്‍പ്പെടെ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കിയശേഷം ഡിസിസി പ്രസിഡന്റിന്റെ ഒപ്പോടുകൂടിയ വിപ്പ് കൈമാറിയത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണെന്നു ബിജെപി ആരോപിച്ചു.
ജൂണ്‍ ആറിനു നല്‍കിയ രണ്ടാമത്തെ വിപ്പ് നിയമവിരുദ്ധമാണെന്നും ഇതു വ്യാജമായി നിര്‍മിച്ചതിനാല്‍ പോലിസ് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സിപിഎമ്മിനു വോട്ടുചെയ്തവരെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കും. ആറു കൗണ്‍സിലര്‍മാര്‍ക്കെതിരേ പ്രത്യേകം കേസ് നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ കൃഷ്ണദാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it