kozhikode local

നഗരസഭാ കൗണ്‍സിലില്‍ ബഹളം; വാര്‍ഷികപദ്ധതി രേഖ നല്‍കിയില്ലെന്ന്

വടകര: നഗരസഭയുടെ 2018-19 വര്‍ഷത്തേക്കുള്ള പദ്ധതി രേഖയുടെ കരട് അംഗീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗം ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളിലും ബഹളത്തിലും കലാശിച്ചു. പദ്ധതി രേഖ ചര്‍ച്ച ചെയ്യാന്‍ മാത്രം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സീറോ ഫവര്‍ ഇല്ലെന്നിരിക്കെ ഭരണപക്ഷാംഗം ഇ അരവിന്ദാക്ഷന്‍ സീറോ വേസ്റ്റ് പദ്ധതിക്കായി നടന്ന സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
പദ്ധതിക്കായി ജെടി റോഡില്‍ ആരംഭിക്കുന്ന എംആര്‍എഫ് കേന്ദ്രം മാറ്റാന്‍ നിര്‍ദേശിച്ച ജില്ലാ കലക്റ്റര്‍ തെറ്റായ നടപടിയാണ് സ്വീകരിച്ചതെന്നും, കലക്ടറുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കണമെന്ന അരവിന്ദാക്ഷന്റെ പരാമര്‍ശത്തെ പ്രതിപക്ഷം എതിര്‍ത്തതോടെ യോഗം ബഹളത്തില്‍ കലാശിച്ചു.
കലക്ടറുടെ ഉത്തരവ് നടപ്പാക്കാതെ അതിനെതിരേ സര്‍ക്കാരിനെ സമീപിക്കാനുള്ള നീക്കത്തിനെതിരേയാണ് പ്രതിപക്ഷം എതിര്‍ത്തത്. ഭരണസമിതിയുടെ ഈ തീരുമാനം പാസാക്കാനായി ചെയര്‍മാന്‍ പറഞ്ഞതോടുകൂടി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു. കഴിഞ്ഞ ദിവസമായിരുന്നു നിര്‍ദിഷ്ട സ്ഥലത്ത് നിന്നും എംആര്‍എഫ് കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് വന്നത്.
എന്നാല്‍ നഗരസഭയ്ക്ക് അങ്ങിനൊയൊരു ഉത്തരവ് ലഭിച്ചിട്ടില്ലെന്നും, കലക്ടര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനത്തെ സംസ്ഥാന സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കാനുമായിരന്നു ഭരണസമിതിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദം അടങ്ങിയതിന് ശേഷമാണ് യോഗം പദ്ധതി രേഖയുടെ അന്തിമ ലിസ്റ്റ് അംഗീകരിക്കുന്ന കാര്യത്തിലേക്ക് കടന്നത്. പദ്ധതി രേഖയുടെ കോപ്പി കൗണ്‍സിലര്‍മാര്‍ക്ക് നല്‍കാതെയായിരുന്നു യോഗം. ഇത് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്തു.
വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ചേര്‍ന്ന് തീരുമാനിച്ച വാര്‍ഷിക പദ്ധതിയാണ് ഇന്നലെ കൗണ്‍സിലില്‍ വച്ചത്. എന്നാല്‍ യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ മെംബര്‍മാര്‍ക്കും ഇത് നല്‍കണമെന്നും, പദ്ധതിയുടെ വിശദീകരണം ലഭിക്കാതെ എങ്ങിനെയാണ് അംഗീകാരം നല്‍കുകയെന്നും പ്രതിപക്ഷം ചോദിച്ചു.
അതിനിടെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീഷനെ കൊണ്ട് രേഖ വായിപ്പിക്കാനുള്ള ശ്രമവും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഇരിപ്പിടത്തില്‍ നിന്ന് ഇറങ്ങി വന്ന് പദ്ധതി രേഖ ഗിരീഷന്റെ കയ്യില്‍ നിന്ന് വാങ്ങുകയും ഇരിപ്പിടത്തിലേക്ക് ചെന്ന് വായിക്കാന്‍ തുടങ്ങുകയും ചെയ്തു. ഏതാനും സെക്കന്റുകള്‍ വായിച്ചതിന് ശേഷം രേഖ അംഗീകരിച്ചുവെന്ന് ചെയര്‍മാന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.
ഈ     സമയം ചെയര്‍മാന്‍ ചേംബറില്‍ നിന്ന് ഇറങ്ങിപ്പോവുകയും, പ്രതിഷേധവുമായി വന്ന പ്രതിപക്ഷം നഗരസഭ സെക്രട്ടറിയെ വളയും ചെയ്തു. സെക്രട്ടറിയെ വളഞ്ഞ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നതോടെ വാക്കേറ്റവും നേരിയ കയ്യാങ്കളിയിലേക്കുമെത്തുകയാണുണ്ടായത്.
അതേസമയം പ്രതിഷേധത്തിനിടെ മുസ്്‌ലിം ലീഗിന്റെ വനിതാ കൗണ്‍സിലര്‍ പി സഫിയയെ സിപിഎം കൗണ്‍സിലര്‍ പി ഗിരീഷന്‍ കൈയ്യേറ്റം ചെയ്‌തെന്ന് യുഡിഎഫ് ആരോപിച്ചു. പിന്നീട് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പുറത്തേക്കിറങ്ങി. അതേസമയം പദ്ധതിക്ക് അംഗീകാരം നല്‍കാനാവാത്ത സാഹചര്യത്തില്‍ കൗണ്‍സില്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയതായി നഗരസഭ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it