Kottayam Local

നഗരസഭാ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ : വൈക്കം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍



വൈക്കം: ദിനംപ്രതി ആയിരക്കണക്കിനു രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയുടെ അവസ്ഥ ഓരോ ദിവസം പിന്നിടുമ്പോഴും ദയനീയമാവുന്നു. സാധാരണക്കാരായ രോഗികളാണ് ആശുപത്രിയിലെ അപര്യാപ്്തത മൂലം വലയുന്നത്. നഗരസഭാ ആരോഗ്യ വകുപ്പ് വിഷയത്തില്‍ തികഞ്ഞ നിഷ്‌ക്രിയത്വമാണ് കാണിക്കുന്നത്. അത്യാഹിത വിഭാഗത്തിന്റെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. ആയിരക്കണക്കിനു രോഗികളെ ചികില്‍സിക്കാന്‍ 10ല്‍ അധികം ഡോക്ടര്‍മാര്‍ ഇവിടെ ഉണ്ടെന്നു പറയാറുണ്ടെങ്കിലും ഉള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ഒട്ടുമിക്കപ്പോഴും മൂന്നു ഡോക്ടര്‍മാരാണ് ഇവിടെ ഉണ്ടാവാറുള്ളത്. ഇവരാകട്ടെ പൂര്‍ണ സമയവും സീറ്റില്‍ ഉണ്ടാവാറില്ല. രാവിലെ എട്ടു മുതല്‍ ഡോക്ടര്‍മാരെ കാണാന്‍ രോഗികളുടെ നീണ്ടനിരയാണ്. 11.30 കഴിഞ്ഞാല്‍ രോഗികള്‍ക്ക് കാണാന്‍ ചീട്ട് നല്‍കാറില്ല. ഇതിനിടയില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരെ കാണാനുള്ള രജിസ്‌ട്രേഷന്‍ നിരക്ക് രണ്ടു രൂപയായിരുന്നത് അഞ്ചാക്കി ഉയര്‍ത്തി. അഞ്ചാക്കുമ്പോഴും രോഗികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പഴയ രീതിയില്‍ തന്നെ തുടരുകയാണ്. ലക്ഷങ്ങള്‍ മുടക്കിയ വികസന പദ്ധതികളെല്ലാം ഉപയോഗമില്ലാതെ നശിക്കുകയാണ്. ആശുപത്രിയുടെ പ്രധാന ചുമതല വഹിക്കുന്ന നഗരസഭ പല വികസന പദ്ധതികളും നഗരത്തില്‍ നടപ്പാക്കിയിട്ടും ആശുപത്രിയോട് അവഗണന തുടരുകയാണ്. ആശുപത്രിയില്‍ ഇപ്പോള്‍ പല മുഖം മിനുക്കല്‍ പണികള്‍ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും രോഗികള്‍ക്ക് ഒരു ഗുണവും ഉണ്ടാക്കുന്നതല്ല. അത്യാഹിത വിഭാഗത്തിലെ പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കേണ്ടതാണ്. ചെറിയ നെഞ്ചു വേദന അനുഭവപ്പെട്ട് എത്തുന്ന രോഗികള്‍ക്കും രാത്രി കാലങ്ങളില്‍ എത്തുന്ന രോഗികളെയും പ്രാഥമിക പരിശോധനയ്ക്ക് പോലും വിധേയമാക്കാതെ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയക്കുന്നതാണ് പതിവ്. ഡോക്ടര്‍മാരുടെ കുറവു പ്രധാന പോരായ്മയാണെങ്കിലും ഉള്ളവര്‍ ജോലിക്കെത്തിയാല്‍ ഇതു പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇതൊന്നും നേരെയാക്കാന്‍ ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുപോലും താല്‍പ്പര്യമില്ലാത്ത അവസ്ഥയാണ്. സന്ധ്യ മയങ്ങിയാല്‍ അത്യാഹിത വിഭാഗത്തില്‍ ഒരു നഴ്‌സും ഒരു ഡോക്ടറും മാത്രമാണുള്ളത്. പനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ച് നൂറുകണക്കിനു രോഗികളാണ് രാത്രി സമയങ്ങളില്‍ ആശുപത്രിയില്‍ എത്തുന്നത്. ഇവരെ വേണ്ടവിധത്തില്‍ പരിചരിക്കാന്‍ ഒരു നഴ്‌സിനെ കൊണ്ട് സാധിക്കാറില്ല.
Next Story

RELATED STORIES

Share it