malappuram local

നഗരസഭയ്‌ക്കെതിരേ നാട്ടുകാര്‍ ജനകീയ സമരത്തിന്

മഞ്ചേരി:  നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യം ചെരണിയിലെ റോഡരികില്‍ തള്ളുന്നത് ജനജീവിതത്തിന് വെല്ലുവിളിയാവുന്നു. ആറാം വാര്‍ഡില്‍ ചെരണി കോളനിക്കു സമീപമാണ് മാലിന്യ പ്രശ്‌നം അതിസങ്കീര്‍ണം. മാലിന്യം ചാക്കിലും കവറിലും കെട്ടി ഇവിടെ റോഡരികില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്. നഗരസഭയുടെ അപ്രഖ്യാപിത മാലിന്യംതള്ളല്‍ കേന്ദ്രമായി ചെരണി മാറുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
ഈ സാഹചര്യത്തില്‍ ജനകീയ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ പദ്ധതികളൊന്നും മഞ്ചേരിയിലില്ല. ഇതോടെ മാലിന്യം വന്‍തോതില്‍ കുമിഞ്ഞുകൂടുന്നത് പ്രധാന നിരത്തുവക്കിലാണ്. ഇതിനടുത്താണ് നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ചെരണി കോളനി. മാലിന്യാധിക്യം ഇവിടെ ആരോഗ്യ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. പകര്‍ച്ചപ്പനിയടക്കം പൊതുജനാരോഗ്യത്തിന് വെല്ലുവിളിയായി രോഗങ്ങള്‍ പിടിമുറുക്കുമ്പോള്‍ ആശങ്കയിലാണ് നാട്ടുകാര്‍. ഇക്കാര്യത്തില്‍ പരാതികള്‍ നല്‍കി മടുത്തിരിക്കുകയാണിവര്‍. മഴ ശക്തിപ്പെടുമ്പോള്‍ മലിനജല പ്രശ്‌നവും ചെരണിയില്‍ ജനജീവിതം ദുസ്സഹമാക്കുന്നു.
കോളനിയോടു ചേര്‍ന്നുള്ള റോഡ് നവീകരണം നടന്നപ്പോള്‍ മഴവെള്ളം ഒഴുക്കിവിടാന്‍ ഓടയും നിര്‍മിച്ചു. എന്നാല്‍, രണ്ടു ഭാഗവും അടഞ്ഞുള്ള ഒടയില്‍ മഴവെള്ളം ഒഴുകിപ്പോവുന്നതിനു പകരം സംഭരിക്കപ്പെടുകയാണ്.
ഇതില്‍ മാലിന്യവും നിറഞ്ഞതോടെ പകര്‍ച്ചവ്യാധി ഭാഷണിയിലാണ് കോളനിയിലും സമീപങ്ങളിലുമായി താമസിക്കുന്നവര്‍.
പ്രദേശത്ത് കൊതുകു ശല്യം അതിരൂക്ഷമാണ്. തലതിരിഞ്ഞ വികസന മാതൃകകളുടെ നേര്‍ചിത്രമാണ് ചെരണിയിലെ റോഡ് നവീകരണവും ഓട നിര്‍മാണവും. ഓടയിലെ വെള്ളം ഒഴുക്കിവിടാന്‍ നടപടിയില്ലെങ്കില്‍ ഓടതന്നെ മണ്ണിട്ടു മൂടാനാണ് ജനങ്ങളുടെ തീരുമാനം.
നിരവധി തവണ നഗരസഭയിലും വാര്‍ഡ് കൗണ്‍സിലര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ ജനകീയ സമരത്തിന് കളമൊരുങ്ങുന്നത്.
Next Story

RELATED STORIES

Share it