Pravasi

നഗരസഭയുടെ സുരക്ഷാ പരിശോധന ഇലക്ട്രോണിക് വല്‍ക്കരിക്കുന്നു



ദോഹ: നഗരസഭ നടത്തുന്ന വിവിധ സുരക്ഷാ പരിശോധനകള്‍ ഇലക്‌ട്രോണിക്‌വല്‍ക്കരിക്കുന്ന പദ്ധതിക്കു  തുടക്കമായി. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ആന്റ് മുനിസിപ്പല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ടും സെന്ററര്‍ ഫോര്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. നഗരസഭയുടെ പരിശോധകര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും വേണ്ടി തയാറാക്കിയ പ്രോഗ്രാമിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ഇ ഗവണ്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായാണ് പദ്ധതി. നഗരസഭാ ഉദ്യോഗസ്ഥരുടെ ജോലി മികവും പരിശോധനാ രീതികളും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുതിയ ഇലക്‌ട്രോണിക് ആപ്ലിക്കേഷനെന്ന് എന്‍വയോണ്‍മെന്റല്‍ ആന്റ് മുനിസിപ്പല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍കുവാരി പറഞ്ഞു. ഭക്ഷ്യസുരക്ഷ, നിര്‍മാണങ്ങള്‍, കെട്ടിടങ്ങള്‍, ശുചിത്വം, പരിസ്ഥിതി, കൃഷിയിടം, മൃഗങ്ങള്‍, മല്‍സ്യം തുടങ്ങിയ മേഖലകളിലാണ് സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി നഗരസഭ പരിശോധന നടത്തുന്നത്. പരിശോധനാ നടപടികള്‍ വേഗത്തിലാക്കി സമയം ലാഭിക്കുന്നതിനാണ് പുതിയ പ്രോഗ്രാമിലൂടെ ഉദ്യോഗസ്ഥരെ സഹായിക്കുന്നതെന്ന് ജിഐഎസ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അമീര്‍ അല്‍ഹുമൈദി പറഞ്ഞു.  പരിശോധന നടത്തുന്ന സ്ഥലം, സ്ഥാപനം, വിഭാഗം എന്നിവയും അവയുമായി ബന്ധപ്പെട്ട നിയമവും നിബന്ധനകളും പെട്ടെന്നു കണ്ടു പിടിക്കുന്നതിനും സ്ഥാപനങ്ങളുടെ ലൈസന്‍സ് വിവരങ്ങള്‍ മനസ്സിലാക്കി  നടപടികള്‍ പൂര്‍ത്തിയാക്കാനും ആപ്പ് സഹായിക്കുന്നു. കടലാസ് ജോലികള്‍ കുറച്ച് പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാനാകുന്നതാണ് ഇലക്‌ട്രോണിക്‌വല്‍കരണം. നിര്‍ദിഷ്ട നിബന്ധനകളുടെ ലംഘനങ്ങള്‍ എന്റര്‍ ചെയ്യുന്നതോടെ പിഴസംഖ്യയുള്‍പ്പെടെ നിര്‍ദേശിക്കുന്നതാണ് സിസ്റ്റം. പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയ സ്ഥലത്തെ ചിത്രവും വീഡിയോയും തല്‍സമയം പകര്‍ത്തി അപ്‌ലോഡ് ചെയ്യാനുമാകും. മന്ത്രാലയത്തിന്റെ ഡാറ്റാബേസിലാണ് വിവരങ്ങള്‍ ശേഖരിക്കുക. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് നോട്ടീസുകളും മെമ്മോകളും ഇ മെയില്‍ വഴി അയച്ചു കൊടുക്കും. ആദ്യഘട്ടത്തില്‍ നഗരസഭയുടെ ഭക്ഷ്യസുരക്ഷാ പരിശോധനാ വിഭാഗത്തില്‍ ജോലി ചെയ്യുന്ന 106 ഉദ്യോഗസ്ഥര്‍ക്കാണ് ഇലക്‌ട്രോണിക് പരിശോധനയില്‍ പരിശീലനം നല്‍കിയത്. വൈകാതെ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.
Next Story

RELATED STORIES

Share it