Kottayam Local

നഗരസഭയുടെ വേസ്റ്റ് ബിന്നില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചു

വൈക്കം: നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യങ്ങ ള്‍ നിക്ഷേപിക്കാന്‍ നഗരസഭ സ്ഥാപിച്ച വേസ്റ്റ് ബിന്നുകള്‍ സാമൂഹിക വിരുദ്ധര്‍ ദുരുപയോഗപ്പെടുത്തുന്നു.
പല സ്ഥലങ്ങളിലും വേസ്റ്റ് ബിന്നുകള്‍ സമീപവാസികള്‍ നല്ലരീതിയില്‍ ഉപയോഗിക്കുമ്പോള്‍ നഗരത്തിലുള്ള ചില വേസ്റ്റ് ബിന്നുകളിലാണു കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ രാത്രികാലങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നത്. ഇന്നലെ തോട്ടുവക്കം ജങ്ഷനിലുള്ള വേസ്റ്റ് ബിന്നില്‍ നിന്നു ദുര്‍ഗന്ധം പരന്നപ്പോള്‍ നാട്ടുകാരും സമീപത്തുള്ള കച്ചവടക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് വേസ്റ്റ് ബിന്നില്‍ കക്കൂസ് മാലിന്യം നിറഞ്ഞുകിടക്കുന്നത് കണ്ടത്. സംഭവം കഴിഞ്ഞ് ഏറെ വൈകിയും ഇതു നീക്കം ചെയ്തിട്ടില്ല.
വേസ്റ്റ് ബിന്നുകള്‍ സമയബന്ധിതമായി നഗരസഭാ അധികാരികള്‍ വൃത്തിയാക്കാന്‍ ജോലിക്കാരെ നിയമിക്കാത്തതാണ് ഇതുപോലുള്ള സംഭവങ്ങള്‍ക്കു കാരണമെന്ന് ആരോപണമുണ്ട്. കാരണം നഗരത്തിലുള്ള ഭൂരിഭാഗം വേസ്റ്റ് ബിന്നുകളും നിറഞ്ഞുകവിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണു നീക്കം ചെയ്യാന്‍ ജീവനക്കാര്‍ എത്തുന്നത്.
മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്ന വേസ്റ്റ് ബിന്നുകള്‍ തെരുവു നായ്ക്കളുടെ താവളമായി മാറുന്ന അവസ്ഥയുമുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ച വേസ്റ്റ് ബിന്നുകള്‍ സാമൂഹിക വിരുദ്ധര്‍ കൈയേറി നശിപ്പിക്കാതിരിക്കുവാന്‍ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
അല്ലാത്തപക്ഷം വേസ്റ്റ് ബിന്നുകള്‍ ഉപകാരത്തേക്കാള്‍ ഉപദ്രവമായിരിക്കും പൊതുജനങ്ങള്‍ക്കുണ്ടാക്കുക.
Next Story

RELATED STORIES

Share it