Idukki local

നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്നും നാളെയും



തൊടുപുഴ: നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്നും നാളെയും നടക്കും. ശാന്തിതീരം പൊതുശ്മശാനത്തില്‍ സ്ഥാപിച്ച രണ്ടാമത്തെ ഫര്‍ണസ് പി ജെ ജോസഫ് എംഎല്‍എയും ആശ്രയ ഭവന പദ്ധതി പ്രകാരം നിര്‍മിച്ച സമുച്ചയത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും നിര്‍വഹിക്കും. 20 ലക്ഷം രൂപ ചെലവിലാണ് ഫര്‍ണസ് സ്ഥാപിച്ചത്. ഇതോടെ രണ്ടില്‍ക്കൂടുതല്‍ മൃതദേഹങ്ങള്‍ വരുന്ന സമയങ്ങളില്‍  ഉണ്ടാവുന്ന പ്രതിസന്ധിക്കു പരിഹാരമായി. ഫര്‍ണസ് സ്ഥാപിക്കാന്‍ ശ്മശാനത്തില്‍ പുതിയ ബ്ലോക്ക് നിര്‍മിച്ചു. സമീപ പഞ്ചായത്തുകള്‍ മൂവാറ്റുപുഴ മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടെ മൃതദേഹങ്ങള്‍ എത്താറുണ്ട്. ഒരു മൃതദേഹം ദഹിപ്പിച്ച് അടുത്തതിനായി തയ്യാറാകണമെങ്കില്‍ രണ്ടര മണിക്കൂര്‍ വേണം. അതിനാല്‍ രണ്ടില്‍ക്കൂടുതല്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. മൃതദേഹങ്ങള്‍ മഴ നനയാതെ പുറത്തിറക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. കൂടാതെ പാര്‍ക്കിങ് സ്ഥലം, പൂന്തോട്ടം എന്നിവയും തയ്യാറാക്കിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലിന് ശാന്തിതീരം ശ്മാശനത്തിലാണ് ഉദ്ഘാടനം. ആശ്രയ പദ്ധതി പ്രകാരം അഗതികളായ ഒമ്പത് കുടുംബങ്ങള്‍ക്കാണ്  അണ്ണായിക്കണ്ണത്ത് ഫഌറ്റ് നിര്‍മിച്ചത്. 70 ലക്ഷം രൂപ ചെലവില്‍ ഒമ്പത് ഫഌറ്റുകള്‍ പൂര്‍ത്തിയാക്കി. ഒരുഫഌറ്റില്‍ ഒരു മുറി, അടുക്കള, ഹാള്‍, ശൗചാലയം എന്നിവയാണ് ഉള്ളത്. ഉദ്ഘാടനവും താക്കോല്‍ ദാനവും നാളെ രാവിലെ 11ന് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ഹരി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ സി ആന്റണി, ബി ജെപി കൗണ്‍സിലര്‍ രേണുക രാജശേഖരന്‍ എന്നിവര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it