wayanad local

നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ നീക്കമെന്ന് ഭരണസമിതി

മാനന്തവാടി: നഗരസഭയുടെ വാര്‍ഷിക പദ്ധതിയും ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും ജാള്യത മറയ്ക്കാനുമാണെന്നു നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭാ ശശി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നഗരസഭയുടെ 2018-19 വര്‍ഷത്തെ വികസന പ്രവൃത്തികള്‍ തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കവുമായാണ് ഇവര്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അനധികൃതമായി കയറിയതും പ്രശ്‌നങ്ങള്‍ക്ക് ശ്രമിച്ചതും. ആസൂത്രണ സമിതി ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു തന്നെ ഇവരെ പുറത്താക്കേണ്ടി വന്നു. ഇതിന്റെ ജാള്യത മറയ്ക്കാനാണ് വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
നഗരസഭയെ ഒരു യൂനിറ്റായി കണ്ട് വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കണം എന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയ്ക്ക് അനുവദിച്ച തുക വിവിധ മേഖലാ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തിനനുസരിച്ചാണ്  പദ്ധതി തയ്യാറാക്കിയത്. നഗരസഭയുടെ പൊതു വികസനത്തിന് ഡിവിഷന്‍ പരിഗണനയോ രാഷ്ട്രീയ പരിഗണനകളോ നോക്കാതെ തുക വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ബന്ധിത വകയിരുത്തലുകളും പൊതുവായ മറ്റു പദ്ധതികള്‍ക്കുള്ള തുകകളും മാറ്റിയാല്‍ പിന്നീട് ഓരോ ഡിവിഷനും പരമാവധി മാറ്റിവയ്ക്കാവുന്ന തുക ശരാശരി 8 ലക്ഷം രൂപയാണ്. ഇത് 15 ലക്ഷമാക്കണമെന്നാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നത്. വസ്തുതകള്‍ മറച്ചുവച്ചുള്ള ആവശ്യമാണിത്.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നഗരസഭയ്ക്ക് 21 കോടി രൂപ അനുവദിച്ചെന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകള്‍ക്കുമായാണ് 21 കോടി അനുവദിച്ചത്. ഇതില്‍ മാനന്തവാടിക്ക് ഒരു കോടി രൂപയാണ് ലഭിച്ചത്. ഇതിന്റെ വിനിയോഗം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാവും. ദിവസങ്ങള്‍ക്ക് മുമ്പുവരെ യുഡിഎഫ് ഭരിച്ചിരുന്ന കല്‍പ്പറ്റ നഗരസഭയില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചു എന്ന് ആക്ഷേപമുന്നയിക്കുന്നവര്‍ പരിശോധിക്കേണ്ടതുണ്ട്. നഗരസഭയ്‌ക്കെതിരേ ഇല്ലാത്ത ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങളെയും പദ്ധതി പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്താനുള്ള നീക്കത്തില്‍ നിന്നു യുഡിഎഫ് പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ എ എം സത്യന്‍, അബ്ദുല്‍ ആസിഫ്, ശോഭാ രാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it