kasaragod local

നഗരസഭയുടെ പേ പാര്‍ക്കിങ് സംവിധാനം ഒരുങ്ങി

കാസര്‍കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പേ പാര്‍ക്കിങ് സംവിധാനം ഒരുങ്ങി. പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ബസുകള്‍ കയറുന്ന നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് പേ പാര്‍ക്കിങ് സംവിധാനം ഒരുക്കിയത്. സ്വകാര്യ വാഹനങ്ങള്‍ക്കാണ് ഇവിടെ പേ പാര്‍ക്കിങ് സംവിധാനം കൊണ്ടുവരുന്നത്.
പേ പാര്‍ക്കിങിന് ടെന്‍ഡര്‍ നല്‍കി കരാര്‍ അടിസ്ഥാനത്തില്‍ ഏജന്‍സികള്‍ക്ക് നല്‍കും.  നഗരസഭയുടെ കൗണ്‍സില്‍ യോഗം ഉടന്‍ തന്നെ ഇതിന് അംഗീകാരം നല്‍കുമെന്ന് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ്്മാന്‍ തേജസിനോട് പറഞ്ഞു. ഇരുചക്രവാഹനങ്ങള്‍, കാര്‍, ടൂറിസ്റ്റ് ബസുകള്‍ എന്നിവ പാര്‍ക്ക് ചെയ്യുന്നതിനായി ഇവിടെ സൗകര്യം ഒരുക്കും. ഓരോതരം വാഹനത്തിനും പ്രത്യേകം ഫീസ് ഈടാക്കും. മണിക്കുറുകളുടെ കണക്ക് വച്ചാണ് ഫീസ് ഈടാക്കുന്നത്. ഫീസ് നിരക്കുകള്‍ പിന്നീട് തീരുമാനിക്കും. നഗരത്തില്‍ വാഹനങ്ങള്‍ വര്‍ധിച്ചതും പാര്‍ക്കിങ് ചെയ്യാന്‍ സംവിധാനം ഇല്ലാത്തതും ഗതാഗതകുരുക്കിന് കാരണായിട്ടുണ്ട്.
റമദാന്‍, ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളില്‍ നഗരത്തിലെ ഗതാഗതകുരുക്ക് കാരണം മണിക്കൂറുകളോളം യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നുണ്ട്. സ്വകാര്യ കെട്ടിടങ്ങള്‍ക്ക് പോലും പാര്‍ക്കിങ് സംവിധാനമില്ലാത്തതിനാല്‍ തിരക്കേറിയ റോഡരികിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇത് പലപ്പോഴും ഗതാഗതകുരുക്കിനും പോലിസുമായുള്ള വാക്കേറ്റത്തിനും കാരണാകുന്നുണ്ട്. കെപിആര്‍ റാവു റോഡ്, പഴയ ബസ് സ്റ്റാന്റ്, ജനറല്‍ ആശുപത്രിക്ക് മുന്‍വശം, താലൂക്ക് ഓഫിസ് റോഡ്, റെയില്‍വെ സ്‌റ്റേഷന്‍ റോഡ്, ബാങ്ക് റോഡ്, മല്‍സ്യ മാര്‍ക്കറ്റ് റോഡ്, ഫിര്‍ദൗസ് റോഡ് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡിനിരുവശങ്ങളിലാണ്. കൂടാതെ ഇവിടങ്ങളിലുള്ളത് പഴയ കെട്ടിടങ്ങളാണ്. രാവിലെയും വൈകീട്ടുമുളള സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. സ്ഥലപരിമിതികളും വാഹനങ്ങളുടെ വര്‍ധനയും കാരണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രയാസപ്പെടുകയാണ്.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നഗരസഭയുടെ കീഴില്‍ സ്ഥലങ്ങള്‍ ഇല്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നഗരത്തില്‍ പുതുതായി കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഉടമകള്‍ നഗരസഭയ്ക്ക് സമര്‍പ്പിക്കുന്ന കെട്ടിട പ്ലാനില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനങ്ങള്‍ സമര്‍പ്പിക്കുന്നുണ്ടെങ്കിലും അനുമതി ലഭിച്ചാല്‍ പിന്നീട് പാര്‍ക്കിങ് സ്ഥലങ്ങള്‍ കച്ചവടമുറികളായി മാറ്റുകയാണ് പതിവ്.
ഇതിന് മാറ്റം വരുത്താന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വഴിയോരങ്ങള്‍ കൈയേറി വ്യാപകമായി കച്ചവടം നടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും ഏറെ ദുരിതത്തിലാണ്. കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പേ പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ നഗരസഭാ കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമാണ് പുതിയ ബസ് സ്റ്റാന്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പേ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. അമ്പതോളം വാഹനങ്ങള്‍ ഒരേസമയത്ത് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it