palakkad local

നഗരസഭയുടെ ഓപറേഷന്‍ അനന്ത : അനധികൃത കൈയേറ്റം ഒഴിപ്പിച്ചു



പാലക്കാട്: നഗരസഭാ സ്റ്റേഡിയം സ്റ്റാന്റില്‍ നഗരസഭയുടെ വക ഓപ്‌റേഷന്‍ അനന്ത. ഇന്നലെ ഉച്ചയോടെയാണ് സ്റ്റേഡിയം സ്റ്റാന്റിലെ വ്യാപാരസ്ഥാപനങ്ങളിലെ അനധികൃത കൈയേറ്റം നഗരസഭാധികൃതര്‍ ഒഴിപ്പിച്ചത്. കടകളിലെ ഷട്ടറിനു മുന്‍വശത്ത് അനധികൃതമായി ഇറക്കി വച്ചിരുന്ന സാധനസാമഗ്രികളാണ് ഒഴിപ്പിച്ചത്.നേരത്തെയും ഇതുപോലെ ഒഴിപ്പിക്കല്‍ ശ്രമം നടത്തിരുന്നു. എന്നാല്‍ വീണ്ടും വ്യാപാരസ്ഥാപനങ്ങള്‍ പഴയപടിയാവുകയായിരുന്നു. ബേക്കറി സ്ഥാപനങ്ങളാണ് ഇവയില്‍ കൂടുതലായും സ്ഥലം കൈയേറി കച്ചവടം നടത്തിരുന്നത്.എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഒരടിയോളം സ്ഥലം നിയമപരമായി ഉപയോഗിക്കാമെന്ന് നഗരസഭ നേരത്തെ വ്യാപാരികള്‍ക്ക് അനുവാദം നല്‍കിയിരുന്നതായി വ്യാപാരികള്‍ പറയുന്നു. ഇതു പ്രകാരം ബേക്കറികളിലെ ചായ ജ്യൂസ് കൗണ്ടറുകളെല്ലാം പ്ലാറ്റ്‌ഫോമിലാണ് വച്ചിരുന്നത്. മാത്രമല്ല കൂടുതല്‍ സ്ഥലം കൈയേറിയതുമൂലം യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്രവും തടസ്സപ്പെട്ടിരുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മാസങ്ങള്‍ക്കു മുമ്പ്  ഇത്തരത്തില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനെ വ്യാപാരികള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും വ്യാപാരം നടത്തുന്നവര്‍ക്കും മതിയായ സംരക്ഷണമോ അടിസ്ഥാനസൗകര്യങ്ങളോ ഭരണകൂടം ഇത്രവരെ ചെയ്തു കൊടുക്കാന്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്. രാത്രി കാലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കു സുരക്ഷയില്ലാത്തതിനാല്‍ വ്യാപാരികളെല്ലാം ഭീതിയോടെയാണ് കടയടച്ചു പോവുന്നത്. ലക്ഷക്കണക്കിനു രൂപ അഡ്വാന്‍സും ഭീമമായ തുക വാടകയിനത്തിലും ഈടാക്കുന്ന ഭരണകൂടം നാളിതുവരെ സ്റ്റേഡിയം സ്റ്റാന്റിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ മുഖംതിരിക്കുകയാണെന്നു കച്ചവടക്കാര്‍ പറയുന്നു. കൃത്യമായ മാലിന്യനീക്കമോ തെരുവുവിളക്കുകളുടെ പരാധീനതകളും ഡ്രൈനേജുകളുടെ ശോചനീയാവസ്ഥയോ ഒന്നും ഇതേവരെ നഗരസഭാധികൃതര്‍ അറിഞ്ഞിട്ടില്ല. മാസങ്ങള്‍ക്കു മുമ്പ് നടന്ന ഒഴിപ്പിക്കല്‍ വ്യാപാരികളുടെ സമര്‍ദത്തെതുടര്‍ന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഒഴിപ്പിക്കുന്നതു സംബന്ധിച്ച് വ്യാപാരികള്‍ക്ക് നേരത്തെ രേഖാപരമായി  നോട്ടീസ് നല്‍കിയിട്ടില്ലെന്നും ഇന്നലത്തെ ഒഴിപ്പിക്കല്‍ അപ്രതീക്ഷിതമായ നടപടികളാണെന്നും ഇത് വ്യാപാരികളോടുള്ള ദ്രോഹമാണെന്നും  വ്യാപാരികള്‍ പറയുന്നു.   നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യത്തില്‍ നടന്ന ഒഴിപ്പിക്കല്‍ പ്രഹസനമാണെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും സാധനസാമഗ്രികള്‍ പിടിച്ചെടുത്ത് കൊണ്ടുപോയിട്ടുണ്ട്. ഇതിനെതിരേ  സ്റ്റേഡിയം സ്റ്റാന്റിലെ കടകള്‍ ഉച്ചയ്ക്ക് ശേഷം അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it