Kottayam Local

നഗരസഭയില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളിക്കുന്നെന്ന് ആക്ഷേപം



കോട്ടയം: നഗരസഭയില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടെന്ന് കൗണ്‍സിലില്‍ ആരോപണം. കരാറുകാര്‍ക്ക് പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണ്. കരാറുകാരുടെ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണപ്രവൃത്തികള്‍ക്കു ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ കുറഞ്ഞ ആളുകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. മല്‍സരാടിസ്ഥാനത്തിലുള്ള ടെന്‍ഡറുകളുണ്ടാവുന്നില്ല. ഇതു കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. അടുത്തിടെ നഗരസഭയില്‍ ടെന്‍ഡര്‍ നല്‍കാനെത്തിയ ആളെ ഒരുസംഘമാളുകള്‍ മര്‍ദിക്കുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കപ്പെടുകയും ചെയ്ത സംഭവം ചര്‍ച്ചയ്ക്കു വന്നപ്പോഴായിരുന്നു കൗണ്‍സിലര്‍മാരുടെ വിമര്‍ശനം. നഗരസഭയ്ക്കുള്ളില്‍ അക്രമം നടത്തിയവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യണമെന്നും കരാറുകാര്‍ക്കു നഗരസഭയില്‍ നല്‍കിയ മുറി പൂട്ടണമെന്നും ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കരാറുകാര്‍ പ്രത്യേക മുറി ഉപയോഗിക്കുന്നതിനെതിരേ തനിക്ക് നേരിട്ടും പരാതി ലഭിച്ചതായി ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന അറിയിച്ചു. ഈ മുറിയില്‍ മദ്യപാനം വരെ നടക്കുന്നുണ്ട്. അതുകൊണ്ട് കരാറുകാര്‍ക്ക് അനുവദിച്ച പ്രത്യേക മുറി പൂട്ടാന്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കാമെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. എന്നാല്‍, വിശദമായി ചര്‍ച്ച ചെയ്യാതെ പെട്ടെന്ന് ഇത്തരമൊരു നടപടിയിലേക്കു നീങ്ങേണ്ടതില്ലെന്ന് ചില കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടിയതോടെ മുറി പൂട്ടാനുള്ള തീരുമാനം മാറ്റി. കരാറുകാരുടെ സംഘടനയുമായി കൗണ്‍സിലര്‍മാര്‍ ചര്‍ച്ച നടത്തിയശേഷം പുറത്തുനിന്നുള്ളവരെ മുറിയില്‍ കയറ്റരുതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും താക്കീതു നല്‍കണമെന്നാണ് കൗണ്‍സിലില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം.അതേസമയം, നഗരസഭയില്‍ അക്രമം നടത്തിയവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. പോലിസിനു രേഖാമൂലം നഗരസഭ പരാതി നല്‍കിയിരുന്നു. കൂടാതെ ടെന്‍ഡര്‍ നല്‍കാനെത്തിയ ആളും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it